ചെന്നൈ: മുതിര്‍ന്ന സി.പി.എം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍. ശങ്കരയ്യ (102) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിക്കെ ബുധനാഴ്ച രാവിലെയാണ് അന്ത്യം. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായാധിക്യത്തെത്തുടര്‍ന്ന് കുറച്ചുവര്‍ഷങ്ങളായി സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
1964-ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന് സിപിഎമ്മിന് രൂപം നല്‍കിയവരിലൊരാളായിരുന്നു ശങ്കരയ്യ. 1967, 1977, 1980 വര്‍ഷങ്ങളില്‍ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലേക്കെത്തി. സി.പി.എം. ജനറല്‍ സെക്രട്ടറി, ഓള് ഇന്ത്യ കിസാന്‍ സഭ അധ്യക്ഷന്‍, സി.പി.എം. തമിഴ്നാട് സംസ്ഥാന സെക്രട്ടറി, രണ്ടു ദശാബ്ദത്തിലധികം സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1921 ജൂലായ് 15-ന് മധുരയിലാണ് ജനനം. അഞ്ചാംക്ളാസുവരെ പഠനം തൂത്തുക്കുടിയില്‍. പിന്നീട് മധുരയിലെ സെയ്ന്റ് മേരീസ് സ്കൂളില്‍. മധുരയിലെ അമേരിക്കന്‍ കോളേജില്‍ ബി.എ.യ്ക്ക് ചേര്‍ന്നെങ്കിലും അവസാനപരീക്ഷയ്ക്ക് 15 ദിവസം ബാക്കിയിരിക്കെ ജയിലിലായി.
ഭഗത് സിങ്ങിന്റെ ത്യാഗത്തില്‍ ആവേശംകൊണ്ടാണ് ഒമ്പതാംവയസ്സില്‍ താന്‍ തെരുവിലേക്കിറങ്ങി മുദ്രാവാക്യം മുഴക്കിയതെന്ന് ശങ്കരയ്യ പറഞ്ഞിട്ടുണ്ട്. ഭഗത് സിങ്ങിന്റെ വധശിക്ഷ സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ തമിഴ്നാട്ടിലും വൈകാരികതയുയര്‍ത്തി. ഒമ്പതാംവയസ്സില്‍ മനസ്സിലുദിച്ച ചിന്തകളുടെ സ്ഫുരണങ്ങളായിരിക്കാം പിന്നീട് അദ്ദേഹത്തെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്. പതിനേഴാംവയസ്സിലാണ് അദ്ദേഹം സി.പി.ഐ. അംഗമാകുന്നത്. തുടര്‍ന്ന് പാര്‍ട്ടിക്കുവേണ്ടിയായിരുന്നു ജീവിതം. കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റുന്ന സമയത്ത് കണ്ണൂര്‍ ജയിലില്‍ തടവുകാരനായി ശങ്കരയ്യയും ഉണ്ടായിരുന്നു. കയ്യൂര്‍ സഖാക്കളെ കാണാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ശങ്കരയ്യയും സഹതടവുകാരും ജയിലില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ശങ്കരയ്യയുടെയും മറ്റും മുദ്രാവാക്യങ്ങള്‍ക്കുനടുവിലൂടെയായിരുന്നു കയ്യൂര്‍ സഖാക്കളുടെ തൂക്കുമരയാത്ര. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ശങ്കരയ്യ പലതവണ ജയിലിലായി. അത്രതന്നെ ഒളിവിലുംപോയി. 1962-ല്‍ ഇന്ത്യ-ചൈന യുദ്ധസമയത്ത് ജയിലിലടയ്ക്കപ്പെട്ട കമ്യൂണിസ്റ്റുകാരുടെ കൂട്ടത്തിലും അദ്ദേഹമുണ്ട്. 1965-ല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ശ്രമമുണ്ടായപ്പോള്‍ പതിനേഴുമാസം ജയിലില്‍ കിടന്നു.
ജയില്‍വാസങ്ങളെയൊന്നും അദ്ദേഹം വ്യക്തിപരമായി കണ്ടില്ല. അതൊക്കെ രാഷ്ട്രീയപോരാട്ടങ്ങളായിരുന്നു. 1946-ല്‍ സി.പി.ഐ. ജനറല്‍ സെക്രട്ടറി പി.സി.ജോഷി മധുരയില്‍ വന്നപ്പോള്‍ സമ്മേളനത്തില്‍ ഒരുലക്ഷം ജനങ്ങളെ പങ്കെടുപ്പിക്കാനായത് ശങ്കരയ്യയുടെ മിടുക്കായിരുന്നു. തമിഴ്നാട് നിയമസഭയില്‍ ആദ്യമായി തമിഴ് സംസാരിച്ചത് തങ്ങളുടെ കാലത്തായിരുന്നുവെന്നും ശങ്കരയ്യ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. 1952-ലായിരുന്നു അത്. അതുവരെ നിയമസഭയില്‍ തമിഴ് സംസാരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ശങ്കരയ്യയോടൊപ്പം സംഘടനാപ്രവര്‍ത്തനങ്ങളില്‍ സക്രിയയായിരുന്ന ഭാര്യ നവമണി അമ്മാള്‍ 2016-ലാണ് അന്തരിച്ചത്. മൂന്നുമക്കളുണ്ട്.