തിരുവനന്തപുരം: സപ്ലൈകോ വഴി വിതരണംചെയ്യുന്ന, സബ്സിഡിയുള്ള 13 ഇനം സാധനങ്ങളുടെ വില വർധിപ്പിക്കാൻ എല്‍.ഡി.എഫ് യോഗത്തിൽ തീരുമാനം. സപ്ലൈക്കോയുടെ ആവശ്യത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ചചെയ്ത് വില വര്‍ധനവിന് അനുമതി നല്‍കിയത്. വില എത്രവരെ കൂട്ടണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഭക്ഷ്യമന്ത്രിയേയും യോഗം ചുമതലപ്പെടുത്തി.
സബ്സിഡിയോടെ അവശ്യസാധനങ്ങള്‍ നല്കുമ്പോള് 500 കോടിയിലധികം രൂപയുടെ ബാധ്യതയാണ് ഉണ്ടാകുന്നതെന്നും ഇത് ഒന്നുകിൽ സര്‍ക്കാര്‍ വീട്ടണം, അല്ലെങ്കില്‍ അവശ്യസാധനങ്ങളുടെ വില കാലാനുസൃതമായി വര്‍ധിപ്പിക്കണം എന്നായിരുന്നു സപ്ലൈക്കോയുടെ ആവശ്യം.
ഇക്കാര്യം സപ്ലൈക്കോ ഭക്ഷ്യമന്ത്രിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. വില കൂട്ടുന്നത് നയപരമായ തീരുമാനമായതിനാലാണ് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം വിഷയം ചര്‍ച്ചചെയ്തത്. വരുംദിവസങ്ങളില്‍ 13 ഇന അവശ്യസാധനങ്ങളുടെയും വില ഉയരും. പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി സബ് സിഡിയുള്ള അവശ്യസാധനങ്ങള്‍ പലപ്പോഴും സപ്ലൈക്കോയില്‍ കിട്ടാനില്ലാത്ത സ്ഥിതി പതിവായിരുന്നു. ഇതിനിടെയാണ് വില ഉയരുന്നത്. 2016-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ അവശ്യസാധനങ്ങളുടെ വില കൂട്ടില്ലെന്നായിരുന്നു എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷവും വാഗ്ദാനം പാലിച്ച് വില കൂട്ടിയില്ലെങ്കിലും ഇപ്പോള്‍ അതിൽ മാറ്റംവരികയാണ്.