തിരുവനന്തപുരം ∙ മന്ത്രി ആർ.ബിന്ദുവിനെതിരെ തലസ്ഥാനത്ത് കെഎസ്യു പ്രതിഷേധം. കനകക്കുന്നിലെ ‘കേരളീയം’ വേദിയിൽനിന്ന് മടങ്ങുന്നതിനിടയിലാണ് കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കെഎസ്യുക്കാർ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് അവർക്കും അറിയില്ല, തനിക്കും അറിയില്ലെന്ന് മന്ത്രി ബിന്ദു പറഞ്ഞു. കണ്ണട വിവാദത്തിൽ മറുപടി അർഹിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി കണ്ണട വാങ്ങിയ ഇനത്തിൽ പൊതുഖജനാവിൽനിന്ന് 30,500 രൂപ അനുവദിച്ചുള്ള ഉത്തരവ് പുറത്തുവന്നിരുന്നു. അതിനിടെ, തൃശൂരിൽ കെഎസ്യു പ്രവർത്തകർ മന്ത്രി ബിന്ദുവിന്റെ ഫ്ലെക്സിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു. കേരളവർമ കോളജിലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിൽ മന്ത്രി ബിന്ദുവിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.