
ചെന്നൈ: സ്റ്റേറ്റ് ബസിൽ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാർത്ഥികളെ ബസ് തടഞ്ഞ് അടിച്ചതിന് നടിയും അഭിഭാഷകയും ബി.ജെ.പി നേതാവുമായ രഞ്ജന നാച്ചിയാർ അറസ്റ്റിൽ. ചെന്നൈയിലെ കെറുമ്പാക്കത്ത് കഴിഞ്ഞദിവസമാണ് സംഭവം. കുൺട്രത്തൂർ നിന്ന് പോരൂരിലേക്ക് പോകുകയായിരുന്ന സ്റ്റേറ്റ് ബസിലാണ് രഞ്ജന നാച്ചിയാരുടെ അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. ബസിൽ വിദ്യാർത്ഥികൾ അപകടകരമായ രീതിയിൽ യാത്രചെയ്യുന്നത് ആ വഴി കാറിൽ പോകുകയായിരുന്ന രഞ്ജനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ബസ് തടയുകയായിരുന്നു. ഇതിനിടെ ഇറങ്ങാൻ കൂട്ടാക്കാതിരുന്ന വിദ്യാർത്ഥികളിലൊരാളെ അവർ അടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് രഞ്ജന അറസ്റ്റിലായത്. വിദ്യാർത്ഥികൾ ഈ രീതിയിൽ യാത്രചെയ്യുന്നത് നിങ്ങൾക്ക് തടയാമായിരുന്നില്ലേ എന്ന് രഞ്ജന ഡ്രൈവറോട് ചോദിക്കുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം. മാങ്കാട്ട് പോലീസാണ് രഞ്ജനയെ അവരുടെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപദ്രവിച്ചതിനും ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.


