ന്യൂഡല്‍ഹി: ഹൈക്കോടതി വില്‍പ്പന തടഞ്ഞതിനെ തുടര്‍ന്ന് ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ചാണ് അരവണ നശിപ്പിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അരവണയുടെ വില്‍പ്പന തടഞ്ഞ കേരള ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. അരവണ എങ്ങനെ നശിപ്പിക്കക്കണമെന്നും എവിടെ വെച്ച് നശിപ്പിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും തീരുമാനിക്കാം. ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരള ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് ശബരിമലയില്‍ കെട്ടിക്കിടക്കുന്നത്. 6.65 ലക്ഷം ടിന് അരവണയാണ് കെട്ടിക്കിടക്കുന്നത്. ഏതാണ്ട് ഏഴ് കോടിയുടെ നഷ്ടം ഇതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടായെന്ന് ബോര്‍ഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വി. ഗിരിയും അഭിഭാഷകന് പി.എസ്. സുധീറും ചൂണ്ടിക്കാട്ടി.
ജനുവരി മുതല്‍ ഈ അരവണ ടിന്നുകള്‍ ശബരിമലയിലെ വിവിധ ഗോഡൗണുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. കീടനാശിനി സാന്നിധ്യം പരിശോധിച്ച ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ അരവണ ഭക്ഷ്യയോഗ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉത്പാദിപ്പിച്ച ശേഷം രണ്ടുമാസം കഴിഞ്ഞ സാഹചര്യത്തില്‍ ഇനി ഭകതര്‍ക്ക് വില്‍ക്കില്ലെന്ന് ബോര്‍ഡ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അരവണയുടെ വില്‍പ്പന തടഞ്ഞ കേരള ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. വാണിജ്യ താത്പര്യമുള്ള വിഷയങ്ങളില്‍ ഹൈക്കോടതി ഇടപെട്ടത് അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, പി.എസ്. നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഏലയ്ക്കയുടെ കരാര്‍ ലഭിക്കാത്ത വ്യക്തി നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ഇടപെടല്‍ എന്നും കോടതി ചൂണ്ടിക്കാട്ടി.