
കൊച്ചി: കളമശേരിയിലെ കൺവൻഷൻ വേദിയിൽ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ യഹോവയുടെ സാക്ഷികൾ പ്രാർഥനാ സംഗമങ്ങൾ താൽക്കാലികമായി നിർത്തി. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്‍സ് പ്രാര്‍ഥനാ സംഗമങ്ങള്‍ താൽക്കാലികമായി നിര്‍ത്തിയെന്നാണ് വിശ്വാസി കൂട്ടായ്മ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാർഥനാ കൂട്ടായ്മകൾ ഓണ്‍ലൈനായി നടത്താന്‍ ‘യഹോവയുടെ സാക്ഷികൾ ഇന്ത്യ’ ഘടകത്തിലെ വിശ്വാസികള്‍ക്ക് നിർദേശം നല്കി. അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് സംഘടനയുടെ ദേശീയ വക്താവ് ജോഷ്വാ ഡേവിഡ് വ്യക്തമാക്കി. ഒരാഴ്ചത്തേക്കാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയതിനുശേഷം ഓണ്‍ലൈന്‍ പ്രാര്‍ഥന സംഗമങ്ങള്‍ നീട്ടുന്നതു സംബന്ധിച്ചു തീരുമാനമെടുക്കും. മറ്റു ക്രിസ്ത്യന്‍ വിശ്വാസി വിഭാഗങ്ങളില്‍നിന്നു ഭിന്നമായി പള്ളിയോ പ്രാര്‍ഥനാലയങ്ങളോ ഇല്ലാത്ത യഹോവയുടെ സാക്ഷികള്‍ പ്രാര്‍ഥനയ്ക്കായി ഒരുമിച്ചുകൂടുന്നതിനെയാണു കിങ്ഡം ഹാള്‍ എന്നുവിളിക്കുന്നത്.


