തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസുമായി സഹകരിക്കാത്തതിനെ തുടർന്ന് നാല് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലംമാറ്റി. കോട്ടയം ജില്ലയിലെ പുതുപ്പള്ളി, പാലക്കാട് ജില്ലയിലെ പരുതൂർ, ആനക്കര, കോഴിക്കോട് ജില്ലയിലെ തിരുവള്ളൂർ പഞ്ചായത്ത് സെക്രട്ടറിമാർക്കാണു സ്ഥലംമാറ്റം. പഞ്ചായത്തുതല കൺവീനർമാരായി പ്രവർത്തിക്കാനുള്ള നിർദേശം പാലിക്കാതിരുന്നതിനെ തുടർന്നാണു നടപടി. പുതുപ്പള്ളിയിലെ പഞ്ചായത്ത് സെക്രട്ടറിക്ക് ഇടമലക്കുടിയിലേക്കാണു സ്ഥലംമാറ്റം. മറ്റു മൂന്ന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് കാസർകോടേക്കുമാണു സ്ഥലംമാറ്റം. നവകേരള സദസ് വിജയകരമായി സംഘടിപ്പിക്കുന്നതിനു സംഘാടകസമിതിയുടെ കൺവീനറായി ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ പ്രവർത്തിക്കേണ്ടതുണ്ടെന്നായിരുന്നു ഉത്തരവ്. എന്നാൽ കോട്ടയം പുതുപ്പള്ളി പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ എൻ, പാലക്കാട് പരുതൂർ പഞ്ചായത്ത് സെക്രട്ടറി ഷാജി എസ്.എൽ, ആനക്കര പഞ്ചായത്ത് സെക്രട്ടറി രാജേന്ദ്രൻ പി.കെ. കോഴിക്കോട് തിരുവള്ളൂർ പഞ്ചായത്ത് സെക്രട്ടറി അനീഷ വി. എന്നിവർ നവകേരള സദസ്സിന്റെ മുന്നൊരുക്ക പരിപാടികളുമായി സഹകരിച്ചില്ല. ഇത് ഗുരുതരമായ കൃത്യവിലോപമാണെന്ന് കാണിച്ചാണ് സ്ഥലം മാറ്റുന്നതെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇന്ന് തന്നെ ഇവർക്ക് വിടുതൽ ഉത്തരവ് കൈമാറണം. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ അധിക ചുമതല അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, ഹെഡ്ക്ലർക്ക് എന്നിവർക്ക് ബന്ധപ്പെട്ട ജില്ലാ ജോയിന്റ് ഡയറക്ടർമാർ നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.