അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സൂറത്തിലെ പാലന്‍പുര്‍ ജഗത്നാക് റോഡില്‍ താമസിക്കുന്ന മനീഷ് സൊളാങ്കി, ഭാര്യ റിത, മനീഷിന്റെ അച്ഛന് കാനു, അമ്മ ശോഭ, മനീഷിന്റെ മക്കളായ ദിശ, കാവ്യ, കുശാല്‍ എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍നിന്ന് മനീഷിന്റെ ആത്മഹത്യാക്കുറിപ്പെന്ന് കരുതുന്ന കത്തും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മനീഷ് സീലിങ് ഫാനില്‍ തൂങ്ങിയും മറ്റുള്ളവര്‍ വിഷം ഉള്ളില്‍ച്ചെന്നും മരിച്ചെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സൂറത്തില്‍ ഫര്‍ണീച്ചര്‍ ബിസിനസ് നടത്തുന്നയാളാണ് മനീഷ്. ഇദ്ദേഹത്തിന്റെ കീഴില്‍ 35-ഓളം ജീവനക്കാരുണ്ട്. ശനിയാഴ്ച രാവിലെ ജീവനക്കാര്‍ മനീഷിനെ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടച്ചിട്ടനിലയിലായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ജീവനക്കാരും നാട്ടുകാരും ജനല്‍ച്ചില്ല് തകര്‍ത്ത് വീടിനകത്ത് കടന്നതോടെയാണ് ഏഴുപേരെയും മരിച്ചനിലയില്‍ കണ്ടത്. സാമ്പത്തികബാധ്യത കാരണം ജീവനൊടുക്കിയെന്നാണ് വീട്ടില്‍നിന്ന് കണ്ടെടുത്ത കത്തില്‍ മനീഷ് സൂചിപ്പിച്ചിട്ടുള്ളത്. അതേസമയം, ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഏഴുപേരുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.