മനാമ: ബഹ്റൈനിൽ അടുത്ത വർഷത്തിന്റെ തുടക്കത്തിൽ നാല് പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി തുറന്നു പ്രവർത്തനമാരംഭിക്കുമെന്ന് നെസ്റ്റോ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അർഷദ് ഹാഷിം കെ.പി പറഞ്ഞു.
മുഹറഖ്, ബുസൈതീൻ, ഇസ ടൗൺ, അസ്കർ എന്നിവിടങ്ങളിലാണ് പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുന്നത്. ഇവയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി വരുകയാണ്. രാജ്യത്ത് വൻ നിക്ഷേപം നടത്താനാണ് നെസ്റ്റോ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ‘ബഹ്റൈനിൽ പതിനാറാമത്തെയും മിഡിൽ ഈസ്റ്റിൽ നൂറ്റിപ്പതിനേഴാമത്തെയും ഹൈപ്പർമാർക്കറ്റാണ് ഇപ്പോൾ പ്രവർത്തനമാരംഭിച്ചത് . ഇത് ഞങ്ങൾക്ക് അഭിമാനത്തിന്റെ നിമിഷമാണ്’ ഉദ്ഘാടനത്തിന് ശേഷം നെസ്റ്റോ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു.
ബഹ്റൈനിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചതുമുതൽ ഭരണാധികാരികളുടേയും ജനങ്ങളുടേയും നിർല്ലോഭമായ പിന്തുണയുണ്ട്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ നൽകിയ പിന്തുണക്ക് നന്ദി പറയുന്നു. ബഹ്റൈൻ ഭരണ നേതൃത്വം നൽകുന്ന പുരോഗതിയുടെ കാഴ്ചപ്പാടിലുള്ള നെസ്റ്റോ ഗ്രൂപ്പിന്റെ ആത്മവിശ്വാസത്തെയാണ് പുതിയ സ്റ്റോർ സൂചിപ്പിക്കുന്നത്. നെസ്റ്റോ ഗ്രൂപ്പിന്റെ വളർച്ചയെ സഹായിക്കുന്ന ഭരണകൂടത്തിനും രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും നെസ്റ്റോ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അർഷാദ് ഹാഷിം നന്ദി അറിയിച്ചു.