തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ കമ്പനിയായ എക്സാലോജിക്, കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്നു വാങ്ങിയ 1.72 കോടി രൂപയുടെ പ്രതിഫലത്തിനു ജിഎസ്ടി അടച്ചതായി സർക്കാർ ഒൗദ്യോഗികമായി സ്ഥിരീകരിച്ചതിനു പിന്നാലെ മാത്യു കുഴൻനാടനെതിരെ എ.എ.റഹിം എംപി രംഗത്ത്. മാത്യു കുഴൽനാടന് ‘അറ്റൻഷൻ സീക്കിങ് സിൻഡ്രോം’ ആണെന്നും അദ്ദേഹത്തിന് നല്ല ചികിത്സ നൽകാൻ കെപിസിസിയോട് അഭ്യർഥിക്കുന്നു എന്നും എ.എ.റഹിം പറഞ്ഞു. ഐജിഎസ്ടി അടച്ചുവെന്ന് തെളിയിച്ചാൽ മാപ്പു പറയാമെന്ന് പറഞ്ഞിട്ട് കുഴൽനാടൻ ഇപ്പോൾ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.
‘മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ആരോപണം സ്ഥിരമായി ഉന്നയിക്കുന്ന ആ നേതാവിന് കലശലായ ഒരു രോഗമുണ്ട്. ആ രോഗത്തെ അറ്റൻഷൻ സീക്കിങ് സിൻഡ്രോം എന്ന് വിളിക്കാം. സ്വന്തം പാർട്ടിയിൽ ഉയർന്ന സ്ഥാനം നേടാൻ, സ്വന്തം അഴിമതി മറച്ചുവയ്ക്കാൻ ഇയാൾ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്തെല്ലാം വീരവാദങ്ങളാണ് മുഴക്കിയത്. മൂന്നു ദിവസമാണ് ഐജിഎസ്ടിയുടെ കാര്യത്തിൽ മാത്രം ഈ അറ്റൻഷൻ സീക്കിങ് സിൻഡ്രോമുള്ള എംഎൽഎ വാർത്താസമ്മേളനം നടത്തിയത്. അദ്ദേഹത്തിന്റെ ആ രോഗം കാരണം നിങ്ങളുടെ എത്ര വിലപ്പെട്ട മണിക്കൂറുകളാണ് കളഞ്ഞത്.
ഐജിഎസ്ടി അടച്ചുവെന്ന് തെളിയിച്ചാൽ താൻ പൊതുസമൂഹത്തിനു മുന്നിൽ മാപ്പു പറയാം എന്ന് അദ്ദേഹം പറയുകയാണ്. ഏതാണ്ട് 24 മണിക്കൂർ ആകാൻ പോകുന്നു ഇത് പുറത്തു വന്നിട്ട്. എന്തുകൊണ്ട് മാപ്പു പറയുന്നില്ല. അപ്പോൾ അറ്റൻഷൻ കിട്ടണം. അതിന്റെ ചെലവിൽ വേണ്ടി വന്നാൽ കെപിസിസിയുടെ ട്രഷറർ ആകണം, കെപിസിസിയുടെ നേതൃത്വത്തിലേക്ക് വരണം. ഇത്തരം ഒരു പുകമറ സൃഷ്ടിച്ച്, അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച്, സ്വന്തം പാർട്ടിയിലുള്ള ബാക്കിയുള്ളവരെ തട്ടിമാറ്റിയിട്ട് മുന്നോട്ടു വരണം. അതിനുള്ള ഒരു പ്രഫഷനലിസം അദ്ദേഹത്തിനുണ്ട്.