മനാമ: അറബ് ഗെയിംസ് 2031 ന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഔദ്യോഗിക കത്ത് ബഹ്റൈൻ സമർപ്പിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി (ജിഎസ്എ) ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബിഒസി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയാണ് ഔദ്യോഗിക കത്ത് സമർപ്പിച്ചത്. ജനറൽ സ്പോർട്സ് അതോറിറ്റി സിഇഒ ഡോ.അബ്ദുൽറഹ്മാൻ സാദിഖ് അസ്കർ, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ഫാരേസ് മുസ്തഫ അൽ കൂഹേജി എന്നിവരുടെ സാന്നിധ്യത്തിലാണ് കത്ത് സമർപ്പിച്ചത്.
ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം മെഗാ കായിക ഇനങ്ങളെ ആകർഷിക്കാനും രാജ്യത്തിന്റെ പദവി ഏകീകരിക്കാനും സ്പോർട്സ് ടൂറിസം പ്രോത്സാഹിപ്പിക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് അറബ് ഗെയിംസ് 2031 ന് ആതിഥേയത്വം വഹിക്കുന്നത്. അറബ് യുവാക്കൾക്കിടയിൽ സൗഹൃദം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള അറബ് സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നതിലൂടെ കായികരംഗത്ത് സംയുക്ത അറബ് പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ബഹ്റൈനിന്റെ താൽപ്പര്യവും ഇത് പ്രതിഫലിപ്പിക്കുന്നു.