മനാമ: 29ാമത് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് എക്സിബിഷന് ബഹ്റൈൻ ആതിഥ്യം വഹിക്കും. കഴിഞ്ഞ ദിവസം ഇസ്തംബൂളിൽ സമാപിച്ച റൂട്ട്സ് വേൾഡിന്റെ 28ാമത് എക്സിബിഷനിൽ വെച്ച് ആതിഥേയത്വ ചുമതല ഗൾഫ് എയർ ഹോൾഡിങ് ഗ്രൂപ് ഡയറക്ടർ ബോർഡ് ചെയർമാൻ സായിദ് ബിൻ റാഷിദ് അൽ സയാനി ഏറ്റുവാങ്ങി. ഇസ്തംബൂൾ എയർപോർട്ട് സി.ഇ.ഒ സെലഹാറ്റിൻ ബിൽഗൻ ആതിഥേയത്വം വഹിച്ചു. ലോകമെമ്പാടുമുള്ള 3000 പേരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. എയർ കമ്പനികൾക്ക് മികച്ച അവസരമാണ് ഇത്തരമൊരു എക്സിബിഷൻ വഴി ലഭിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ഏവിയേഷൻ രംഗത്ത് മികച്ച അവസരങ്ങൾക്കുള്ള വാതായനങ്ങൾ ഇതുവഴി തുറന്നിടാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
വ്യോമയാന മേഖലയിലെ ആഗോള നേതാക്കളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് സമ്മേളനം. ആഗോളവും മത്സരപരവും സുസ്ഥിരവുമായ ഒരു സാമ്പത്തിക കേന്ദ്രമായി രാജ്യത്തെ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈൻ സാമ്പത്തിക ദർശനം 2030-ന്റെ ലക്ഷ്യങ്ങളെ കോൺഫറൻസ് പിന്തുണയ്ക്കും. സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വൈവിധ്യവൽക്കരണത്തിലേക്കുള്ള ബഹ്റൈന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്ന പ്രധാന മേഖലകളിൽ ഒന്നാണ് വ്യോമയാന മേഖല എന്നതിനാൽ ആഗോള എയർലൈൻ കമ്പനികളുമായി അടുത്ത് സഹകരിക്കാനുള്ള സവിശേഷമായ അവസരവും സമ്മേളനം വാഗ്ദാനം ചെയ്യുന്നു.