മുംബൈ: മഹാരാഷ്ട്രയിൽ ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത് അമ്മയുടെ ധീരമായ ഇടപെടൽ. കുഞ്ഞിനെ കടിച്ചെടുത്ത് കടന്നുകളയാൻ പോയ പുലിയെ കല്ല് കൊണ്ട് ആക്രമിച്ചാണ് യുവതി രക്ഷിച്ചത്. യുവതിയുടെ അലമുറയിട്ടുള്ള കരച്ചിൽ കൂടിയായതോടെ കുഞ്ഞിനെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് മറയുകയായിരുന്നു.പുനെ ജുന്നാർ ഫോറസ്റ്റ് ഡിവിഷനിലെ തോൺഡേൽ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആടുകളെ മെയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന യുവതി ഏഴുമാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനൊപ്പം കൃഷിയിടത്തിൽ ഉറങ്ങുന്നതിനിടെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പിഞ്ചുകുഞ്ഞിനെ കടിച്ചെടുത്ത് പുലി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ, കുട്ടിയുടെ കരച്ചിൽ കേട്ടാണ് അമ്മ ഉണർന്നത്.
കുഞ്ഞിനെ കടിച്ചെടുത്ത് പുലി നിൽക്കുന്ന ദൃശ്യം കണ്ട് ആദ്യം സോണാൽ കർഗാൽ ഞെട്ടിയെങ്കിലും മനസ്സാന്നിധ്യം കൈവിടാതെ പുലിയുടെ കൈയിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം തുടങ്ങി. ബഹളംകൂട്ടി പുലിക്ക് അരികിലേക്ക് പാഞ്ഞടുത്ത യുവതി, കൈയിൽ കരുതിയിരുന്ന കല്ല് കൊണ്ട് പുലിയെ ആക്രമിച്ചു. യുവതിയുടെ ആക്രമണത്തിന് പുറമേ അലമുറയിട്ടുള്ള കരച്ചിൽ കൂടിയായതോടെ, കുഞ്ഞിനെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് മറയുകയായിരുന്നു. കുഞ്ഞിന് നേരിയ പരിക്ക് പറ്റിയിട്ടുണ്ട്.