ആലപ്പുഴ: മാവേലിക്കരയില്‍ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് മുന്നില്‍ ഉടുതുണി ഉയര്‍ത്തി യുവാവിന്റെ നഗ്നനതാ പ്രദര്‍ശനം. തഴക്കര പഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്കെതിരെയാണ് അതിക്രമം ഉണ്ടായത്. കുന്നുംമലയില്‍ സാം തോമസ് നഗ്നതാപ്രദര്‍ശനം നടത്തുന്നത് ഉള്‍പ്പടെയുള്ള വീഡിയോ തെളിവുകളുമായി ഹരിത കര്‍മ സേന മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്കി. ഇന്നലെ ഉച്ചയ്ക്കാണ് ഹരിതകര്‍മ സേനാംഗങ്ങള്‍ വണ്ടിയില്‍ സാധനം എടുക്കാന്‍ വന്നപ്പോഴാണ് ഇയാളുടെ ഭാഗത്തുനിന്നും അതിക്രമം ഉണ്ടായത്. ഇയാളുടെ വീട്ടില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് സാധനങ്ങള്‍ ഉള്‍പ്പടെ ചാക്കില്‍ കെട്ടി മതിലിന്റെ ഒരുവശത്ത് വച്ചശേഷം ഇത് പിന്നീട് എടുക്കാമെന്ന് അറിയിച്ചിരുന്നു.
ഹരിതകര്‍മസേന അംഗങ്ങള്‍ പോയ ശേഷം ഇയാള്‍ ഈ സാധനം എടുത്ത് ഒരു ജങ്ഷനില്‍ കൊണ്ടുപോയി തള്ളി. എന്നാല്‍ വീണ്ടും സാധനങ്ങള്‍ ശേഖരിക്കാനെത്തിയ സ്ത്രീകള്‍ വച്ച സ്ഥലത്ത് കാണാത്തതിനെ തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം.വീട്ടില്‍ നിന്ന് പുറത്തുവന്ന ഇയാള്‍ സ്ത്രീകളെ ഉടുതുണി പൊക്കി കാണിക്കുകയായിരുന്നെന്ന് ഹരിതകര്‍മസേന അംഗങ്ങള്‍ പറയുന്നു. ഒപ്പം ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഒരാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സാംതോമസിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതായും ജാതി അധിക്ഷേപത്തില്‍ കേസ് എടുത്തിട്ടില്ലെന്നും യുവതികള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്.