തിരുവനന്തപുരം: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ വിരുതന് പിടിയില്‍. പാറശ്ശാല കരുമാനൂര്‍ ബി.ഡി നിവാസില്‍ ബര്‍ണാഡ് (50) ആണ് വെള്ളറട പോലീസിന്റെ പിടിയിലായത്. തമിഴ്നാട് കേരള അതിര്‍ത്തി മേഖലകളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവെച്ച് ഒരു മാസത്തിനുള്ളില്‍ ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയത്. കഴിഞ്ഞ ദിവസം ഇയാള്‍ കാരക്കോണത്തിന് സമീപം പുല്ലന്തേരിയില്‍ സ്വകാര്യ പണം ഇടപാട് സ്ഥാപനത്തില്‍ രണ്ടു വളകളുമായി എത്തിയ വ്യാജ പേരും, മേല്‍വിലാസവും നല്കി 68,000 രൂപയ്ക്ക് മുക്കുപണ്ടം പണയപ്പെടുത്തി. എന്നാല്‍ പണം മൊത്തമായി കൊടുക്കാന്‍ ആസമയത്ത് സാധിച്ചില്ല. അതിനാല്‍ സ്ഥാപനത്തിലെ ജീവനക്കാരി 49,000 രൂപ നല്‍കിയിട്ട് ബാക്കി തുക ഒരു മണിക്കൂറിനു ശേഷം തരാമെന്നു പറഞ്ഞു മടക്കി അയക്കുകയായിരുന്നു.
തുടര്‍ന്ന് സ്ഥാപന ഉടമയെത്തി ഇയാള്‍ പണയംവെച്ച വളകള്‍ പരിശോധിച്ചപ്പോഴാണ് മുക്കു പണ്ടമാണെന്ന് മനസിലായത്. തുടര്‍ന്ന് ആറര മണിയോടെ ബാക്കി തുക വാങ്ങാനെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെള്ളറട പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി രാവിലെ കാരക്കോണത്ത് മറ്റൊരു സ്ഥാപനത്തില്‍ രണ്ടു വളകള്‍ പണയപ്പെടുത്തി 70,000 രൂപ കൈപ്പറ്റിയതായി കണ്ടെത്തി. ഒരു ആഴ്ചക്കുള്ളില്‍ പളുകല്‍ പ്രദേശത്ത് നിന്നും 72,000 രൂപയും, പാറശ്ശാലയില്‍ നിന്നും 33,000, രൂപയും, പുത്തന്‍ക്കടയില്‍ നിന്നും 48000 രൂപയും ഇത്തരത്തില്‍ ഇയാള്‍ തട്ടിയെടുത്തതായി പോലീസ് പറയുന്നു. വ്യത്യസ്തങ്ങളായ പേരും മേല്‍വിലാസവും നല്‍കിയാണ് ഇയാള്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയത്. തമിഴ്നാട്ടിലും പ്രതി സമാന തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.