ചെന്നൈ: പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഗുണ്ടാ നേതാക്കള്‍ കൊല്ലപ്പെട്ടു. തമിഴ്നാട് തിരുവള്ളൂരിലാണ് സംഭവം. നിരവധി കേസുകളില്‍ പ്രതികളും പുഴല്‍ സ്വദേശികളുമായ സതീഷ്, മുത്തുശരവണന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുണ്ടകള്‍ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചു വെടിവച്ചുവെന്നാണ് പോലിസിന്റെ വിശദീകരണം. മരിച്ച രണ്ടു പേരില്‍ മുത്തുശരവണന്‍ അണ്ണാ ഡിഎംകെ നേതാവ് പാര്‍ഥിപനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. തിരുവള്ളൂര്‍ സോലവാരത്തിന് അടുത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇന്നു പുലര്‍ച്ചെ 3.30നാണ് പോലിസും ഇവരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
കുപ്രസിദ്ധ ഗുണ്ടയായ ബോംബ് ശരവണന്റെ സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നാണ് വിവരം.ഒട്ടേറെ കേസുകളില്‍ പ്രതികളായ ഇരുവര്‍ക്കുമായി കുറച്ചു നാളുകളായി പോലിസ് തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനായി ആവടി സിറ്റി പോലിസ് പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു. ഈ അന്വേഷണ സംഘം നടത്തിയ വിശദമായ പരിശോധനയിലാണു സതീഷും മുത്തുശരവണനും തിരുവള്ളൂരിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തെ വീട്ടിലുണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്ന് പോലിസ് സംഘം ഇവര്‍ താമസിച്ചിരുന്ന വീടു വളഞ്ഞു. ഇരുവരോടും കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും സതീഷ് കൈവശമുണ്ടായിരുന്ന വ്യാജ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തു. ഇതോടെ പോലിസ് സംഘം തിരികെ വെടിവയ്ക്കുകയായിരുന്നു. പോലിസ് നടത്തിയ വെടിവയ്പ്പില്‍ സതീഷിന്റെ തലയ്ക്കും മുത്തുശരവണന്റെ ഹൃദയഭാഗത്തുമാണ് വെടിയേറ്റത്. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇതില്‍ മുത്തുശരവണന്റെ പേരില്‍ ആറു കൊലക്കേസ് ഉള്‍പ്പെടെ 13 കേസുകളും സതീഷിന്റെ പേരില്‍ ഏഴു കേസുകളുമുണ്ട്. ഡിഎംകെ നേതാവ് സി.സെല്‍വത്തെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മടിപ്പാക്കത്തുവച്ച് കൊലപ്പെടുത്തിയ കേസിലും മുത്തുശരവണന്‍ പ്രതിയാണ്. ഏറ്റുമുട്ടലില്‍ മൂന്നു പോലിസുകാര്‍ക്കും പരുക്കേറ്റു. കൃഷ്ണമൂര്‍ത്തി, പ്രഭു, രാജേഷ് എന്നീ പോലിസുകാര്‍ക്കാണ് പരുക്ക്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.