
ഇസ്ലാമാബാദ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഈദ് മിലാദുൻ നബിയോട് അനുബന്ധിച്ച് ആളുകൾ ഒത്തുകൂടുന്നതിനിടെയാണ് മസ്തുങ് ജില്ലയിലെ മദീന മസ്ജിദിന് സമീപം സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ട്. പാകിസ്താനിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് ചാവേർ സ്ഫോടനങ്ങളിലായി നിരവധി പേർക്ക് ജീവൻ നഷ്ടമായി. ബലൂചിസ്താൻ പ്രവിശ്യയിലെ നബിദിനാഘോഷ റാലിക്കിടെയാണ് ആദ്യം ചാവേർ സ്ഫോടനമുണ്ടായത്. ഇതിൽ 52 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് തെഹ്രീകെ താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണങ്ങളെ അപലപിക്കുന്നതായും പള്ളികളും മദ്റസകളും സ്കൂളുകളും പൊതുജനങ്ങൾ കൂടിനിൽക്കുന്ന സ്ഥലങ്ങളും തങ്ങൾ ആക്രമണകേന്ദ്രങ്ങളാക്കാറില്ലെന്ന് തെഹ്രീകെ താലിബാൻ അറിയിച്ചു. ഹാൻഗു മസ്ജിദിന് സമീപമുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ച് ആയി. പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്. ആക്രമണത്തിൽ മസ്ജിദ് തകർന്നിരുന്നു. അതിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം താല്ബാൻ നിഷേധിച്ചതിനാൽ ആരും ഏറ്റെടുത്തിട്ടില്ല.


