ന്യൂഡല്‍ഹി: കേരളാപോലീസില്‍ ഭീകരര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പേരുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. ഭീകരവാദികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സര്‍വീസിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് – പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന പോലീസുകാരുടെ വിവരങ്ങളാണ് കേന്ദ്ര ഐബി ശേഖരിച്ചത്. ഇത്തരക്കാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഐബി നിര്‍ദ്ദേശിച്ചു. കേരളാ പോലീസിന്റെ സൈബര്‍ സെല്ലുകളില്‍ ഉള്ളവരും ഐബിയുടെ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസമായിരുന്നു ഭീകരബന്ധം കണ്ടെത്തിയ സൈബര്‍ സെല്‍ എസ്ഐയ്ക്ക് സസ്പെന്ഷന് ലഭിച്ചത്. കോട്ടയം സൈബര്‍ പോലീസ് സ്റ്റേഷന് ഗ്രേഡ് എസ്ഐ പി.എസ് റിജുമോനെയാണ് സസ്പെന്‍ഡ് ചെയ്തത്.
അതീവ രഹസ്യമായ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്ക് കൈമാറിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്‍ഐഎയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം റേഞ്ച് ഡിഐജിയാണ് സസ്പെന്‍ഡ് ചെയ്തത്. നിരോധിത സംഘടനയായ പിഎഫ്ഐയ്ക്ക് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ ചോര്‍ത്തി നല്‍കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഭീകരന് താരിഷ് റഹ്മാനാണ് സൈബര്‍ സെല്‍ എസ്ഐ വിവരങ്ങള്‍ കൈമാറിയത്. ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് എന്‍ഐഎ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.