തിരുവനന്തപുരം: നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച പൊതു അവധിയിൽ മാറ്റം. ഈ മാസം 27-ന് നിശ്ചയിച്ചിരുന്ന അവധി 28-ലേക്കാണ് മാറ്റിയത്. വിവിധ മുസ്ളിം സംഘടനകളുടെ ആവശ്യം പരിഗണിച്ചാണിത്. മാസപ്പിറവി കാണാത്തതിനാൽ അവധി മാറ്റണമെന്ന ശുപാർശയടങ്ങിയ പൊതുഭരണ വകുപ്പിന്റെ ഫയലിൽ മുഖ്യമന്ത്രി ഒപ്പിടുകയായിരുന്നു.മാസപ്പിറവി കാണാത്തത് പ്രകാരം കേരളത്തിൽ 28ന് നബിദിനം ആചരിക്കാൻ ഖാസിമാരും മതപണ്ഡിതരും ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവധി മാറ്റുന്നതിനുള്ള ശുപാർശ മുഖ്യന്ത്രിയുടെ മുമ്പിലെത്തിയത്.
അവധി 28ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം എന്നിവർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മന്ത്രിമാരായ വി. അബ്ദുൾ റഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവർക്കും കത്ത് നൽകിയിട്ടുണ്ട്.