തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സിബിഐ സംഘത്തോടും ആവർത്തിച്ച് മാതാപിതാക്കൾ. ബാലഭാസ്കറിന്റെ അപകടമരണത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ സിബിഐ സംഘം മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി മടങ്ങി. സിബിഐ ഡിവൈഎസ്പി ടിപി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാലഭാസ്കറിന്റെ അച്ഛൻ കെസി ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴിയെടുത്തത്.
ഇതിനുമുമ്പുനടന്ന രണ്ട് അന്വേഷണങ്ങളിലും തൃപ്തിയില്ലെന്നും അപകടത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഉണ്ണി പറഞ്ഞത്. അപകടമരണമെന്ന കണ്ടെത്തലിലാണ് പോലീസിന്റെ രണ്ട് അന്വേഷണസംഘവും എത്തിയത്. എന്നാൽ, ഇതിൽ വിശ്വാസമില്ല.അപകടത്തെക്കുറിച്ചുള്ള കലാഭവൻ സോബിയുടെ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്നും ബാലഭാസ്കറിന്റെ മാതാപിതാക്കൾ പറഞ്ഞു.
കേസിൽ കലാഭാവൻ സോബിയുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തും. മൊഴിയെടുക്കാനായി എത്തിച്ചേരണമെന്ന് സിബിഐ സംഘം അറിയിച്ചതായി കലാഭവൻ സോബിയും പറഞ്ഞു.
റിപ്പോർട്ട്: കൃഷ്ണ പ്രസാദ്