തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സാധ്യത തള്ളിക്കളഞ്ഞ് ഗതാഗതമന്ത്രി ആന്റണി രാജു. പുനഃസംഘടന സംബന്ധിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. രാവിലെ മുതല്‍ കേള്‍ക്കുന്നത് മാധ്യമങ്ങളുടെ ഭാവനസൃഷ്ടിയും ഊഹാപോഹങ്ങളും മാത്രമാണ്. മുന്നണി യോഗമാകുമ്പോള്‍ എല്ലാ വിഷയങ്ങളും ചര്‍ച്ചയാകും. മുന്നണി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഥാനം ഒഴിയാന്‍ ഒരു വിഷമവുമില്ല. മന്ത്രിസഭാ രൂപീകരണ സമയത്ത് മന്ത്രിസഥാനം വേണ്ടെന്ന് പറഞ്ഞയാളാണ് താന്‍. ഒരുപക്ഷേ അങ്ങനെ പറയുന്ന ആദ്യത്തെ ആളാവും താന്‍. അതുകൊണ്ട് മന്ത്രിസ്ഥാനം ഒഴിയുന്നതില്‍ ബുദ്ധിമുട്ടില്ല. ഒരു സംസ്ഥാനം മുഴുവന്‍ നോക്കുന്നതില്‍ എളുപ്പമല്ലേ ഒരു മണ്ഡലം നോക്കാനെന്നും അദ്ദേഹം പറഞ്ഞു.
പുനഃസംഘടനയെ കുറിച്ച് ഒന്നും അറിയില്ലെന്നും ഇപ്പോള്‍ ടിവിയില്‍ കണ്ടുള്ള വിവരം മാത്രമേ ഉള്ളുവെന്നും പ്രതികരിക്കാനില്ലെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. അതേസമയം, മന്ത്രിസഭാ പുനഃസംഘടന സാധ്യത തള്ളിക്കളയാതെ കണ്‍വീനര്‍ ഇ.പി ജയരാജന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി എല്ലാ പാര്‍ട്ടികള്‍ക്കും ഘടകകക്ഷികള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുള്ള ജനാധിപത്യ സംവിധാനമാണ്. മുന്നണിയിലെ മുന്‍ധാരണ ഇപ്പോഴും നിലവിലുണ്ട്. ഗണേഷ്കുമാറിനെ മന്ത്രിയാക്കാതിരിക്കാന്‍ തക്ക വിഷയമൊന്നും നിലവിലില്ലെന്നും ഇ.പി ജയരാജന് പറഞ്ഞു.