ന്യൂഡൽഹി: നിർണായക ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കും വേദിയായ ജി20 ഉച്ചകോടിക്ക് സമാപനം. ജി20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി. നവംബറിൽ ജി20 വിർച്വൽ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാർശ ചെയ്തു. ജി20 യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് വിർച്വൽ ഉച്ചകോടി. ജി20 ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടായി. സമാപന ദിവസമായ ഇന്ന് രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ ഒന്നിച്ച് രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തിയ നേതാക്കളെ സ്വീകരിച്ചു. കനത്ത മഴ അവഗണിച്ചാണ് നേതാക്കൾ രാജ്ഘട്ടിൽ ഒത്തുകൂടിയത്. എല്ലാ നേതാക്കളും ഒന്നിച്ച് പുഷ്പചക്രം അർപ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിച്ചു.
ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ പോരാടിയ മഹാത്മാവിന് ആദരമർപ്പിക്കാൻ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തിയതും പ്രത്യേകതയായി. സബർമതി ആശ്രമത്തിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഷാളണിയിച്ച് മോദി നേതാക്കളെ സ്വീകരിച്ചു. രാജ്ഘട്ടിൽ ഇത്രയും ലോകനേതാക്കൾ ഒത്തുചേർന്ന് ആദരമർപ്പിക്കുന്നത് ഇതാദ്യമായാണ്. പിന്നീട് ഭാരത് മണ്ഡപത്തിൽ അവസാന സെഷൻ തുടങ്ങും മുമ്പ് ഇന്തോനേഷ്യയുടെയും ബ്രസീലിൻറെയും പ്രസിഡൻറുമാർ പ്രധാനമന്ത്രിക്ക് വൃക്ഷതൈകൾ സമ്മാനിച്ചു.
ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മെച്ചപ്പെട്ട ഭാവിക്കായി ഒരുമിച്ചുള്ള പ്രതിജ്ഞ എന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ജി 20 അംഗങ്ങൾക്ക് മോദി നന്ദി അറിയിക്കുകയും ചെയ്തു. യുക്രെയിൻ സംഘർഷം കൂടി ഉൾപ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനം ദില്ലിയിൽ തുടരുന്ന ജി20 ഉച്ചകോടി അംഗീകരിച്ചു. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങൾക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കിയത്. ഇന്ത്യ ഗൾഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉച്ചകോടിക്കിടെ പ്രഖ്യാപിക്കാനായതും വൻ നേട്ടമായി.
അതേ സമയം, യുക്രെയിൻ സംഘർഷം കൂടി ഉൾപ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനത്തിൽ റഷ്യയോട് വിട്ടുവീഴ്ച ചെയ്തെന്ന വിമർശനം അമേരിക്കൻ മാധ്യമങ്ങൾ ഉയർത്തി. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങൾക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കിയത്. ഇതിനെതിരെയാണ് അമേരിക്കൻ മാധ്യമങ്ങൾ വിമർശനമുയർത്തുന്നത്. എന്നാൽ റഷ്യൻ കടന്നുകയറ്റത്തിൽ ശക്തമായ താക്കീതുണ്ടെന്നാണ് യുഎസ് എൻഎസ്എ ജേക്ക് സള്ളിവൻ പ്രതികരിച്ചത്. അഭിമാനിക്കാൻ ഒന്നുമില്ലെന്നായിരുന്നു യുക്രെയ്ൻ പ്രതികരണം.