നിലമ്പൂർ: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ. തൃക്കാക്കര പൊലീസാണ് ഷാജൻ സ്കറിയയെ അറസ്റ്റു ചെയ്തത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്. തൃക്കാക്കര പൊലീസിന്റേതാണ് നടപടി. തൃക്കാക്കര പൊലീസ് രജ്സ്റ്റർ ചെയ്ത മറ്റൊരു കേസിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്.
ഈ കേസിൽ ഇന്ന് ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ പരിഗണിക്കവേയാണ് നാടകീയമായി തൃക്കാക്കര പൊലീസ് നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ എത്തി അറസ്റ്റു ചെയ്തത്. നേരത്തെ നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയയുടെ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്.
ജാമ്യമില്ലാവകുപ്പ് ചുമത്തി നിലമ്പൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ ഷാജന് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ ഷാജൻ സ്കറിയക്കെതിരെ നിരന്തര വേട്ടയാടൽ ആരംഭിച്ചിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളമായി ഷാജനെതിരെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ എഫ്ഐആറുകളിൽ യാതൊരു അടിസ്ഥാനവും ഇല്ലെന്ന് കണ്ട് കോടതി പല കേസിലും ഷാജനെ അറസ്റ്റു ചെയ്യരുതെന്ന നിർദ്ദേശം നൽകിയിരുന്നു.
ഇപ്പോൾ ഷാജനെതിരെ നിരന്തര കേസുകൾ എടുക്കുന്നത് ഭരണകൂട ഒത്താശയോടെയാണ്. മറുനാടൻ പൂട്ടിക്കുമെന്ന് ശപഥം ചെയ്തു കൊണ്ടാണ് അൻവറും കൂട്ടരും രംഗത്തുവന്നിരിരുന്നത്. ഇതിന്റെ തുടർച്ചയാണ് തൃക്കാക്കരയിലെ കള്ളക്കേസും. ബിഎസ്എൻഎലിന്റെ വ്യാജ ടെലഫോൺ ബിൽ നിർമ്മിച്ച് രജിസ്ട്രാർ ഓഫ് കമ്പനീസിന് നൽകിയെന്നാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേ ആയിരുന്നു ഈ അറസ്റ്റ്.