കണ്ണൂര്‍: ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയര്‍ന്നപ്പോള്‍ ഏതു രേഖകള്‍ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴല്‍നാടനാണോ ആണത്തമെന്ന് കെപിസിസിപ്രസിഡന്റ് കെ സുധാകരന്. മുഖ്യമന്ത്രിയുടെ രീതിയല്ല, മാത്യു കുഴല്‍നാടന്റേത്. എത്രയോ അന്തസോടും നട്ടെല്ലോടും കൂടിയാണ് അദ്ദേഹം സിപിഎമ്മുകാരെ വെല്ലുവിളിച്ചത്. അവരുടെ ഏതു നേതാക്കള്‍ക്കും വന്നു രേഖ പരിശോധിക്കാമെന്ന് പറഞ്ഞ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ കേള്‍ക്കുന്നവര്‍ക്ക് അതിലെ സുതാര്യത തിരിച്ചറിയാം. പിണറായി വിജയന്റെ മകള്‍ക്കെതിരായ ആരോപണത്തില്‍ അതേ രീതിയില്‍ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോയെന്നും സുധാകരന് ചോദിച്ചു.
‘ആര്‍ക്കും വന്ന് രേഖകള്‍ പരിശോധിക്കാമെന്ന് മാത്യു കുഴല്നാടന് വെല്ലുവിളിച്ചില്ലേ? പിണറായി വിജയന്റെ മകള്‍ക്കെതിരായ ആരോപണത്തില്‍ അതേ രീതിയില്‍ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോ? മാത്യു കുഴല്‍നാടനും കോണ്‍ഗ്രസും ആ നട്ടെല്ല് കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ഏതു രേഖ വേണം? തോമസ് ഐസക്ക് വന്നു പരിശോധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞില്ലേ? കൊള്ളാവുന്നൊരു സിപിഎം നേതാവല്ലേ അദ്ദേഹം? എന്നിട്ടും എന്താണു പോകാത്തത്? എന്താണ് ആ വെല്ലുവിളി സിപിഎം ഏറ്റെടുക്കാത്തത്?
അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ ഇത്ര നട്ടെല്ലോടെ പ്രതികരിച്ച മറ്റൊരു പൊതുപ്രവര്‍ത്തകനുണ്ടോ? അദ്ദേഹത്തിന് യാതൊരു ഭയപ്പാടുമില്ല. ഞങ്ങളൊക്കെ വിളിച്ചു ചോദിക്കുന്നുണ്ട്. പക്ഷേ, ഒരു പരാതിയെക്കുറിച്ചും അദ്ദേഹത്തിന് ഭയപ്പാടില്ല. അദ്ദേഹത്തിന്റെ കൈവശം എല്ലാ രേഖകളുമുണ്ട്. അത് ആര്‍ക്കും കൊടുക്കും. ആര്‍ക്കും പരിശോധിക്കാം. ഇതെല്ലാം പറയുന്നതിന് അപ്പുറം വേറെ എന്തു വേണം?
‘ഈ സിപിഎമ്മുകാര്‍ പറഞ്ഞുപറഞ്ഞ് എത്ര പുകമറകളാണ് തീര്‍ത്തിരിക്കുന്നത്. എന്റെ പിന്നില്‍ ഇഡിയുണ്ട്. എന്റെ പിന്നില്‍ വിജിലന്‍സുണ്ട്, എന്റെ പിന്നില്‍ മറ്റു കേസുകളുണ്ട് എന്നെല്ലാം പറഞ്ഞിട്ട് എന്തായി? വെറുതെ ആളുകള്‍ക്കു മുന്നില്‍ പുകമറ സൃഷ്ടിക്കുക, ആളുകളെ ഇകഴ്ത്തിക്കാട്ടുക തുടങ്ങിയ സിപിഎമ്മിന്റെ നാണംകെട്ട, നെറികെട്ട ശൈലിയാണത്. യാതൊരു ധാര്‍മികതയുമില്ലാതെ അവര്‍ ഇത്രയും അധപതിച്ചതില്‍ വിഷമമുണ്ട്. മുഖ്യമന്ത്രിക്കു പോലും ധാര്‍മികതയില്ല.’ ‘ഇത്രയും പ്രശ്നങ്ങളുണ്ടായിട്ട് ആ മനുഷ്യന് ഒരു വാക്ക് ഉരിയാടിയോ? ആര്‍ക്കാണ് ആണത്തമുള്ളത്? മുഖ്യമന്ത്രിക്കാണോ കുഴല്‍നാടനാണോ? മറുപടി പറയാനുള്ള നട്ടെല്ലും തന്റേടവും മുഖ്യമന്ത്രിക്കുണ്ടോ? പത്രക്കാരുടെ മുന്നില്‍ അദ്ദേഹത്തിന്റെ നാവു പൊങ്ങിയോ? നിങ്ങളുടെ മുന്നില്‍ വന്ന് നില്ക്കാന് അദ്ദേഹം തയാറായോ? ഒരു വശത്ത് ഇങ്ങനെയൊരു മുഖ്യമന്ത്രി. മറുവശത്ത്, തന്റെ കൈവശമുള്ള എല്ലാ രേഖകളും നല്‍കാമെന്നും അഴിമതി കണ്ടെത്താനും വെല്ലുവിളിക്കുന്ന മാത്യു കുഴല്നാടന്.
അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സിപിഎമ്മുകാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. സിപിഎമ്മിന്റെ അണികള്‍ക്കു പോലും ഇതില്‍ സംശയമുണ്ടാകില്ല എന്ന് എനിക്ക് പൂര്‍ണ ബോധ്യമുണ്ട്.’ ‘മുഖ്യമന്ത്രിക്കെതിരെ എത്ര ആരോപണങ്ങള്‍ ഉയര്‍ന്നു. സിപിഎമ്മും കേന്ദ്ര ഏജന്‍സിയും തമ്മില്‍ ധാരണയില്ലെങ്കില്‍ പിണറായി വിജയന് ഇങ്ങനെ ഇറങ്ങി നടക്കുമോ? എന്നേ കല്‍ത്തുറുങ്കില്‍ പോകില്ലേ? അദ്ദേഹത്തിന് എല്ലാവിധ ആനുകൂല്യവും നല്‍കുന്നത് ബിജെപിയല്ലേ? എന്താണ് ലാവ്ലിന് കേസ് ഇപ്പോഴും എടുക്കാത്തത്? ആ കേസ് 33 തവണയല്ലേ മാറ്റിവച്ചത്? അത് കേസെടുത്താല്‍ പിണറായി വിജയന് അകത്താണ്.’
‘സാമ്പത്തികമായ എത്രയോ കുറ്റകൃത്യങ്ങള്‍ അദ്ദേഹത്തിന് എതിരെ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സെക്രട്ടറി ജയിലില്‍ കിടക്കുകയാണ്. സെക്രട്ടറി ജയിലില്‍ കിടക്കുമ്പോള്‍ മന്ത്രിയും ജയിലില്‍ കിടക്കേണ്ടേ? ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ അനുവാദത്തോടെ ചെയ്ത കാര്യങ്ങള്‍ക്കല്ലേ ജയിലില്‍ കിടക്കുന്നത്? അപ്പോള്‍ മുഖ്യമന്ത്രിയും ജയിലില്‍ കിടക്കേണ്ടേ? തന്റെ പ്രവൃത്തികളുടെ പേരില്‍ സെക്രട്ടറി ജയിലില്‍, അതിന് ഉത്തരവു കൊടുത്ത മുഖ്യമന്ത്രിക്ക് യാതൊരു പ്രശ്നവുമില്ല. മുഖ്യമന്ത്രിക്കെതിരെ കേസില്ല. കേസുണ്ടാകില്ല. കാരണം അവര്‍ ബിജെപിയുമായി ധാരണയിലാണ്.’
‘ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കള്ളപ്പണം പിടിച്ചില്ലേ? ആ കേസില്‍ വിജിലന്‍സ് കേസു പോലുമില്ലല്ലോ. പിണറായി വിജയന്റെ പൊലീസും അന്വേഷിച്ചില്ലല്ലോ. സിപിഎമ്മിന്റെ അഴിമതിക്ക് ബിജെപിക്കാര്‍ കാവലിരിക്കുന്നു. ബിജെപിക്കാര്‍ അഴിമതി നടത്തുമ്പോള്‍ സിപിഎമ്മുകാരും കാവലിരിക്കുന്നു. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. അതിന് കേരളത്തില്‍ അവര്‍ സിപിഎമ്മിനെ പിന്തുണയ്ക്കുന്നു.’