ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉന്നയിച്ച ഫ്ലയിങ് കിസ്സ് ആരോപണം അസംബന്ധമാണെന്ന് ആർ.ജെ. ഡി നേതാവ് സരിക പാസ്വാൻ. രാഹുൽ ഗാന്ധി കാണിച്ചുവെന്ന് പറയപ്പെടുന്ന ആംഗ്യം സ്മൃതി ഇറാനിയെ തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന് തെളിയിക്കാൻ സാധിക്കുമോയെന്നും പാസ്വാൻ പറഞ്ഞു.
“രാഹുൽ ഗാന്ധിയുടെ ഫ്ലയിങ് കിസ്സ് സ്വീകരിക്കാൻ സ്മൃതി ഇറാനിയോട് ആരാണ് പറഞ്ഞത്? രാഹുൽ ഗാന്ധി തന്നുവെന്ന് പറയപ്പെടുന്ന ഫ്ലയിങ് കിസ്സ് അവർക്ക് വേണ്ടി തന്നെയാണെന്ന് എങ്ങനെ അറിയാം? ഇത്തരം മനുഷ്യർ വിഭാഗീയതയുണ്ടാക്കാനാണ് ശ്രമിക്കുന്നത്” – പാസ്വാൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കോൺഗ്രസ് എം.എൽ.എ നീതു സിങ് നടത്തിയ പരാമർശവും വിവാദമായിരുന്നു. പെൺകുട്ടികൾക്ക് പഞ്ഞമില്ലാത്തപ്പോൾ രാഹുൽ ഗാന്ധി 50കാരിക്ക് ഫ്ലയിങ് കിസ്സ് കൊടുക്കേണ്ട കാര്യമുണ്ടോ എന്നായിരുന്നു നീതു സിങ്ങിന്റെ പരാമർശം.
“ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിക്ക് പെൺകുട്ടികളുടെ ക്ഷാമമില്ല. അദ്ദേഹത്തിന് ഫ്ലയിങ് കിസ്സ് നൽകണമെങ്കിൽ പെൺകുട്ടിക്ക് നൽകാം. എന്തിനാണ് സ്മൃതി ഇറാനിയെ പോലെ 50 വയസുള്ള ഒരു വായോധികക്ക് നൽകുന്നത്” – നീതു പറഞ്ഞു.