മുൻ നക്സൽ നേതാവ് ഗ്രോ വാസുവിനെ കോടതിയിൽ ഹാജരാക്കിയതിൽ ഗുരുതര വീഴ്ച്ച ഉണ്ടായതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഗ്രോ വാസു സഹപ്രവർത്തകർക്കൊപ്പം ഇടപഴകിയതും, മാധ്യമങ്ങളെ കണ്ടതും പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് മൂലമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അകമ്പടി പോയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും.
സഹപ്രവർത്തകരോടൊപ്പമുള്ള അമിതമായ ഇടപെടൽ, കോടതിയ്ക്ക് അകത്തേയ്ക്കും പുറത്തേക്കും പൊലീസുകാരെ മാറ്റി നിർത്തി സഹപ്രവർത്തകർ ഗ്രോ വാസുവിനെ ആനയിച്ചത്, ഇതെല്ലാം അകമ്പടി പോയ പോലീസുകാർക്ക് സംഭവിച്ച വീഴ്ചയായാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള വ്യക്തിയുടെ പൂർണമായ സുരക്ഷാ ചുമതല അകമ്പടി പോയ പൊലീസുകാർക്കാണ്. എന്നാൽ ഗ്രോ വാസുവിന്റെ കൂടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സംഭവത്തിൽ ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുന്ദമംഗലം , മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനുകളിലെ പൊലീസുകാർക്കെതിരെ നടപടി എടുക്കാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ ശുപാർശ. 2016 ൽ നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് വേണ്ടി പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഗ്രോ വാസുവിന്റെ റിമാൻഡ് കാലാവധി കോടതി ഈ മാസം 25 വരെ നീട്ടിയിരുന്നു.