മനാമ: യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എൽബ്രസ് പർവ്വതനിര കീഴടക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ബഹ്റൈനിലെ സെമ്രീൻ അഹമ്മദ്. സമുദ്രനിരപ്പിൽ നിന്ന് 5,642 മീറ്റർ ഉയരമുള്ള മഞ്ഞുമൂടിയ പർവ്വതനിരയാണ് എൽബ്രസ്. ബഹ്റൈനിലെ ബെന്റ്ലിയുടെയും ലംബോർഗിനിയുടെയും മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുകയാണ് 30 കാരിയായ സെമ്രീൻ അഹമ്മദ്.
നാളുകൾ നീണ്ട ഒരുക്കങ്ങളും പ്രതീക്ഷകളുമാണ് സഫലമായതെന്ന് സെമ്രീൻ അഹമ്മദ് പറഞ്ഞു. രാജ്യത്തിനുവേണ്ടി ഈ നേട്ടം കൈവരിച്ച നിമിഷത്തിൽ വളരെയധികം അഭിമാനം തോന്നിയെന്നും സെമ്രീൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്താമത്തെ കൊടുമുടികളിലൊന്നാണിത്. റഷ്യൻ റിപ്പബ്ലിക്കായ കബാർഡിനോ-ബാൽക്കറിയയിലാണ് പർവതം സ്ഥിതി ചെയ്യുന്നത്.
എൽബ്രസിന് രണ്ട് കൊടുമുടികളുണ്ട്. രണ്ടും നിഷ്ക്രിയ അഗ്നിപർവതങ്ങളാണ്. ഉയരം കൂടിയ, പടിഞ്ഞാറൻ കൊടുമുടിക്ക് 5,642 മീറ്ററും കിഴക്കൻ കൊടുമുടിക്ക് 5,621 മീറ്ററും ഉയരമുണ്ട്.