കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ ഉടമ മരിച്ചു. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു(57) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാവിലെ ഏഴരയോടെയാണ് അന്ത്യം.
ഇന്നലെ രാവിലെ പത്തേ കാലോടെ ഓട്ടം കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെയാണ് കാർ അഗ്നിക്കിരയായത്. വാഹനത്തിൽ സാബു മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീടിന് സമീപത്തുവച്ചായിരുന്നു സംഭവം. കാറിന്റെ മുൻഭാഗത്തുനിന്നാണ് തീപടർന്നത്. ഇതുകണ്ട് സാബുവിന്റെ ഭാര്യയും മക്കളും ഓടിയെത്തിയിരുന്നു.
നാട്ടുകാരും അഗ്നിശമനസേനയുമൊക്കെയെത്തി തീയണച്ചാണ് സാബുവിനെ കാറിൽ നിന്ന് പുറത്തെടുത്തത്. ഉടൻ ചെത്തിപ്പുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എസ് എൻ ഡി പി യോഗം ഹൈറേഞ്ച് യൂണിയൻ മുൻ സെക്രട്ടറിയാണ് സാബു.