തിരുവനന്തപുരം: പിഎസ്സി അംഗീകരിച്ച കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ വകുപ്പ് മന്ത്രി ബിന്ദു ഇടപെട്ട സംഭവം സ്വജനപക്ഷപാദവും സത്യപ്രതിജ്ഞ ലംഘനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണം. പിഎസ്സി അംഗീകരിച്ച പട്ടികയിൽ മന്ത്രി ഇടപെട്ട സംഭവം കേട്ടുകേൾവിയില്ലാത്തതാണ്. പിഎസ്സി യുടെ വിശ്വാസൃത നഷ്ടപ്പെടുത്തിയ നടപടിയാണിത്. ഇക്കാര്യത്തിൽ മന്ത്രിക്ക് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി ഇടപെട്ടുവെന്ന് മന്ത്രി തന്നെ സമ്മതിച്ച നിലക്ക് മന്ത്രിക്ക് ഒരു നിമഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല.
മന്ത്രി നിയമവിരുദ്ധ നോട്ട് നൽകിയത് സ്വജനപക്ഷപാതമല്ലാതെ മറ്റെന്താണ് ? 63 പേരുടെ ലിസ്റ്റ് പിഎസ്സി 43 ആയി ചുരുക്കിയത് പരിശോധിക്കണമെന്ന് പറയാൻ മന്ത്രിക്ക് എന്ത് അവകാശമാണുള്ളത്. ഇക്കാര്യത്തിൽ കൂടുതൽ തെളിവിൻ്റെ അവിശ്യമില്ല. ധാർമികതയുടെ ഒരംശം മുണ്ടെങ്കിൽ മുഖ്യമന്ത്രി മന്ത്രിയുടെ രാജി എഴുതി വാങ്ങണം.
ഇഷ്ടക്കാർക്ക് പ്രമോഷൻ കിട്ടാതെ വന്നപ്പോൾ പി എസ് സി നൽകിയ ലിസ്റ്റ് എങ്ങനെ കരട് ലിസ്റ്റായി പരിഗണിച്ചാൽ മതിയെന്ന് മന്ത്രിക്ക് നോട്ട് എഴുതാനാവും. ഏത് ചട്ടപ്രകാരമാണ് മന്ത്രി ഇടപെട്ടത് ? തഴയപ്പെട്ടവരെ ഉൾപ്പെടുത്തി ലിസ്റ്റ് അപ്പീൽ കമ്മറ്റിക്ക് നൽകണമെന്ന് എഴുതാൻ എന്ത് അധികാരമാണ് മന്ത്രിക്ക് പി എസ് സിക്ക് മുകളിൽ ഉള്ളത്? സ്വന്തക്കാരെയും ഇഷ്ടക്കാരേയും തിരികി കയറ്റാൻ മന്ത്രി ശ്രമിച്ചതിന് പിന്നിൽ അഴിമതിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.