മനാമ: ബഹ്റൈനിൽ എൽഎംആർഎ സംയുക്ത പരിശോധനാ കാമ്പെയ്നുകൾ തുടരുന്നു. തൊഴിൽ വിപണിയുടെ മത്സരക്ഷമത, സ്ഥിരത, ഉൽപ്പാദനക്ഷമത എന്നിവ സംരക്ഷിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിന്റെ വ്യാപ്തി നിർണ്ണയിക്കാനാണ് ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിരവധി ഷോപ്പുകളും വർക്ക് സൈറ്റുകളും സന്ദർശിച്ച് പരിശോധന നടത്തുന്നത്. പരിശോധനയിൽ തൊഴിൽ താമസ നിയമങ്ങൾ ലംഘിച്ച നിരവധി പേർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
ക്യാപിറ്റൽ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസുമായി ഏകോപിപ്പിച്ച് രണ്ട് സംയുക്ത പരിശോധന കാമ്പെയ്നുകൾ നടത്തിയതായി അതോറിറ്റി അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പങ്കാളിത്തത്തോടെ ക്യാപിറ്റൽ ഗവർണറേറ്റിലാണ് മൂന്നാമത്തെ പ്രചാരണം നടപ്പിലാക്കിയത്.
നാഷണാലിറ്റി, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ് (NPRA), ഗവർണറേറ്റിലെ അതത് പോലീസ് ഡയറക്ടറേറ്റ് എന്നിവയുടെ ഏകോപനത്തോടെ നോർത്തേൺ ഗവർണറേറ്റിൽ നാലാമത്തെ കാമ്പെയ്ൻ നടത്തി. നോർത്ത് ഏരിയ മുനിസിപ്പാലിറ്റിയും ഗവർണറേറ്റിന്റെ അതത് പോലീസ് ഡയറക്ടറേറ്റും ഏകോപിപ്പിച്ചാണ് അഞ്ചാമത്തെ കാമ്പയിൻ നടത്തിയത്.
സാമ്പത്തിക, ആരോഗ്യ, സാമൂഹിക സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ സമൂഹത്തിന്റെ സുപ്രധാന പങ്ക് എൽ.എം.ആർ.എ വിശദമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 17506055 എന്ന എൽ.എം.ആർ.എ കാൾ സെന്റർ നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.