ഒ.ഇ ടി (Occupational English Test) പ്രതിനിധികള്‍ നോര്‍ക്ക റൂട്ട്സ് ആസ്ഥാനം സന്ദര്‍ശിച്ചു. ഒ.ഇ.ടി ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ ആഡം ഫിലിപ്സ്, റീജിയണള്‍ ഡയറക്ടര്‍ ടോം.കീനാന്, ദക്ഷിണേഷ്യാ റീജിയണല്‍ മാനേജര്‍ ആഷിഷ് ഭൂഷണ് എന്നിവരുള്‍പ്പട്ട സംഘം റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്, സി.ഇ.ഒ ഹരികൃഷ്ണന് നമ്പൂതിരി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മികച്ച നിലവാരത്തിലും കുറഞ്ഞ ചെലവിലും കേരളത്തില്‍ O.E.T പഠനം സാധ്യമാക്കുന്നതിന് നോര്‍ക്ക റൂട്ട്സുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സംഘം വ്യക്തമാക്കി. ഇക്കാര്യത്തിനായി ധാരണാപത്രം ഒപ്പിടുന്നതുസംബന്ധിച്ച് പരിശോധിക്കുമെന്നും പ്രതിനിധികൾ അറിയിച്ചു.
നോര്‍ക്ക പുതുതായി ആരംഭിച്ച നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജിന് (NIFL) എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും സംഘം അറിയിച്ചു. ഇതിനോടൊപ്പം ഓസ്ട്രേലിയയില്‍ ആരോഗ്യമേഖലയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന റിക്രൂട്ട്മെന്റ് സാധ്യമാക്കുന്നതിന് സര്‍ക്കാറുമായി കൂടിയാലോചന നടത്താന്‍ മുന്‍കൈയെടുക്കാമെന്നും O.E.T പ്രതിനിധിസംഘം കൂടിക്കാഴ്ചയില്‍ ഉറപ്പു നല്കി. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന പരീക്ഷയാണ് O.E.T.
നോര്‍ക്ക ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യം.ടി.കെ, എന്‍.ഐ.എഫ്.എല്‍ പ്രതിനിധികള്‍ എന്നിവരും കൂടിക്കാഴ്ചകളില്‍ സംബന്ധിച്ചു.