പത്തനംതിട്ട: കോയിപ്രം രമാദേവി കൊലക്കേസിൽ 17 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ. രമാദേവിയുടെ ഭർത്താവ് പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി ആർ ജനാർദ്ദനനെ (75) തിരുവല്ല ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. റിട്ടയേർഡ് പോസ്റ്റ്മാസ്റ്റർ ആണ് ജനാർദ്ദനൻ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് ജനാർദ്ദനൻ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. 2006 മേയ് 26ന് വൈകിട്ടാണ് രമാദേവിലെ വീട്ടിലെ ഊണുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുവാളുപോലെ മൂർച്ചയുള്ള ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ലോക്കൽ പൊലീസ് കേസിൽ അന്വേഷണം നടത്തി ഫലമില്ലാതെ വന്നപ്പോഴായിരുന്നു ജനാർദ്ദനൻ ഹൈക്കോടതിയെ സമീപിച്ചത്.
കൊല നടന്ന സമയം രമാദേവിയുടെയും ജനാർദ്ദനന്റെയും വീടിനോട് ചേർന്ന് കെട്ടിടനിർമാണം നടത്തിയിരുന്ന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. അതിനിടെ അയൽവാസിയായ തമിഴ്നാട് സ്വദേശി ചുടലമുത്തുവിനെ കാണാതായതിനാൽ അന്വേഷണം ആ വഴിയ്ക്ക് തിരിഞ്ഞു. തുടർന്ന് ഏറെവർഷം ഇയാൾക്കായും ഒപ്പം താമസിച്ചിരുന്ന സ്ത്രീയ്ക്കായും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒടുവിൽ സ്ത്രീയെ തെങ്കാശിയിൽവച്ച് കണ്ടെത്തി. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ജനാർദ്ദനനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.