ന്യൂഡല്‍ഹി: താന്‍ സന്തോഷവതിയാണെന്നും സച്ചിനാണ് ഇപ്പോള്‍ തന്റെ ഭര്‍ത്താവെന്നും പാകിസ്താന് സ്വദേശിനി സീമ ഹൈദര്‍. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സീമ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇനി പാകിസ്താനിലേക്ക് മടങ്ങാന്‍ ആഗ്രഹമില്ലെന്നും മടങ്ങിപ്പോയാല് താന്‍ കൊല്ലപ്പെടുമെന്നും സീമ ഹൈദര്‍ ‘ഇന്ത്യാടുഡേ’യോട് പറഞ്ഞു.ദൈവത്തോട് പ്രാര്‍ഥിക്കുക, മുതിര്‍ന്നവരുടെ കാല്‍തൊട്ട് അനുഗ്രഹം തേടുക, കൈകള്‍ കൂപ്പി ആളുകളെ അഭിവാദ്യംചെയ്യുക എന്നതെല്ലാമാണ് ഇപ്പോള്‍ തന്റെ ദിനചര്യ. താന്‍ ഹിന്ദുമതം സ്വീകരിച്ചു. കാമുകനായ സച്ചിന്റെ കുടുംബത്തെപ്പോലെ സസ്യാഹാരിയായെന്നും സീമ ഹൈദര്‍ പറഞ്ഞു.
മൂന്നുവര്‍ഷത്തോളമായി ആദ്യഭര്‍ത്താവായ ഗുലാം തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. സൗദിയില്‍ ജോലിചെയ്യുന്ന അദ്ദേഹം നേരത്തെ പലതവണ തന്നെ ഉപദ്രവിച്ചിരുന്നു. മുഖത്ത് മുളകുപൊടി വിതറിയുള്ള ഉപദ്രവം ഉള്‍പ്പെടെ ആദ്യഭര്‍ത്താവില്‍നിന്ന് നേരിടേണ്ടിവന്നു. ഇപ്പോള്‍ സച്ചിനാണ് തന്റെ ഭര്‍ത്താവെന്നും യുവതി വിശദീകരിച്ചു.അതിനിടെ, സീമയുടെ നാല് കുട്ടികള്‍ക്ക് പാകിസ്താനിലേക്ക് തിരികെ മടങ്ങാനുള്ള അവസരമുണ്ടായിരുന്നെങ്കിലും ഇവരും മാതാവിനൊപ്പം താമസിക്കണമെന്നാണ് പറഞ്ഞത്. കുട്ടികള്‍ സച്ചിനെ അവരുടെ പിതാവായി സ്വീകരിച്ചതായും സീമ പറഞ്ഞിരുന്നു. പബ്ജി ഗെയിം വഴി മൊട്ടിട്ട പ്രണയത്തിനൊടുവില്‍ നോയിഡ സ്വദേശിയും കാമുകനുമായ സച്ചിനൊപ്പം(22) ജീവിക്കാനായാണ് 27-കാരിയായ സീമ ഹൈദര്‍ അനധികൃതമായി ഇന്ത്യയിലെത്തിയത്. ഒന്നരമാസം മുന്‍പ് നാലുകുട്ടികളുമായാണ് ഇവര്‍ നേപ്പാള്‍ അതിര്‍ത്തിവഴി ഇന്ത്യയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സച്ചിനൊപ്പം നോയിഡയിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടെ സച്ചിനെ നിയമപരമായി വിവാഹം കഴിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയതോടെയാണ് സീമ പാകിസ്താന് സ്വദേശിയാണെന്നും അനധികൃതമായാണ് ഇന്ത്യയില്‍ താമസിക്കുന്നതെന്നും വ്യക്തമായത്.
ഇതോടെ സീമയെയും ഇവരെ അനധികൃതമായി താമസിപ്പിച്ചതിന് കാമുകനായ സച്ചിനെയും പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവര്‍ക്കും ജാമ്യംലഭിച്ചത്. നിലവില്‍ കാമുകനായ സച്ചിനൊപ്പമാണ് സീമയും നാലുകുട്ടികളും താമസിക്കുന്നത്. ഇവരുടെ പ്രണയവും അറസ്റ്റുമെല്ലാം വന്‍ വാര്‍ത്താപ്രാധാന്യം നേടിയതോടെ നിരവധിപേരാണ് ദിവസവും ഇരുവരെയും സന്ദര്‍ശിക്കാനെത്തുന്നത്. പുതിയ ജീവിതത്തിനായി ഒട്ടേറെപേര്‍ ഇവര്‍ക്ക് സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.