കോഴിക്കോട്: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കുറ്റക്കാരനെന്ന് വിധിച്ച വിചാരണക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി എ.ഐ.സി.സി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അപ്പീല്‍ തള്ളിയതില്‍ അതിശയമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. വര്‍ത്തമാനകാലത്ത് ഗുജറാത്തില്‍നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഏത് വിധിയും മറികടക്കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിയുമെന്ന് വിധിയെഴുതുന്നവര്‍ എല്ലാവരും ഓര്‍ക്കണം. രാഹുല്‍ഗാന്ധിയുടെ മനസ്സ് തകര്‍ക്കാന്‍ കഴിയില്ലെന്ന് വിധിയെഴുതുന്നവരും അതിന് കളമൊരുക്കുന്നവരും മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, വിധി പ്രസ്താവിച്ച ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്കിന്റെ ന്യായവാദം പരിശോധിച്ചുവരികയാണെന്ന് എ.ഐ.സി.സി. കമ്മ്യൂണിക്കേഷന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. കേസുമായി മുന്നോട്ടുപോകാനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തെ വിധി ഇരട്ടിപ്പിക്കുകയേ ചെയ്യുന്നുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.നിയമപോരാട്ടം തുടരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പ്രതികരിച്ചു. സത്യം ജയിക്കും. ജനകോടികള്‍ രാഹുലിനൊപ്പമുണ്ട്. ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ല. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരുക തന്നെ ചെയ്യും. ഭരണഘടനയിലും നിയമവ്യവസ്ഥയിലും നിയമവാഴ്ചയിലും തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംഘപരിവാറിനെ നഖശിഖാന്തം എതിര്‍ക്കുന്നതും മോദി – അമിത് ഷാ- കോര്‍പറേറ്റ് കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുമാണ് രാഹുലില്‍ ചിലര്‍ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവാക്കുന്നവരും രാഹുലില്‍ കാണുന്ന യോഗ്യതയുംഅതു തന്നെ’, വി.ഡി. സതീശന് ഫെയ്സ്ബുക്കില്‍ കുറിച്ചു.