മനാമ: അലബാമയിലെ ഹണ്ട്സ്വില്ലിലുള്ള യുഎസ് സ്പേസ് ആൻഡ് റോക്കറ്റ് സെന്ററിന്റെ ബഹിരാകാശ ക്യാമ്പിൽ ബഹ്റൈനിലെ നാല് യുവപ്രതിഭകൾ പങ്കെടുക്കും. ഹസൻ അബ്ദുറഹ്മാൻ ഹാഷിം, ലിയ ഹമദ് ജനാഹി, മറിയം ഖാലിദ് അലവാദി, നാസർ മുഹമ്മദ് അൽഖൂട്ടി എന്നിവരാണ് അലബാമയിലെ ഹണ്ട്സ്വില്ലയിൽ നടക്കുന്ന വിഖ്യാത ബഹിരാകാശ ക്യാമ്പിൽ ബഹിരാകാശ യാത്രിക പരിശീലനം നേടുക. സംഘത്തെ ബഹ്റൈനിലെ നാഷനൽ സ്പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ) സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രോജക്ട് മാനേജ്മെന്റ് മേധാവി അമൽ അൽബിനാലി നയിക്കും.
അൽ വേർഡൻ എൻഡവർ സ്കോളർഷിപ് പ്രോഗ്രാമാണ് ഇവരുടെ ചെലവുകൾ വഹിക്കുക. മിടുക്കരായ വിദ്യാർഥികൾക്ക് സയൻസ്, ടെക്നോളജി, എൻജിനീയറിങ്, ആർട്സ്, മാത്സ് (സ്റ്റീം) മേഖലകളിൽ വിദഗ്ധ പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാലുപേരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) ബഹ്റൈന്റെയും അറബ് ലോകത്തിന്റെയും അംബാസഡർമാരായിരിക്കുമെന്ന് എൻ.എസ്.എസ്.എ ചീഫ് എക്സിക്യൂട്ടിവ് ഡോ. മുഹമ്മദ് അൽ അസീരി പറഞ്ഞു.
കാൾമാൻ വേൾഡ് വൈഡുമായി ഏകോപിപ്പിച്ച് എല്ലാ ഇന്റർവ്യൂകളിലും ടെസ്റ്റുകളിലും വിജയിച്ച നാല് വിദ്യാർത്ഥികളാണ് ടീമിലുള്ളത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ബഹിരാകാശ ക്യാമ്പിൽ പങ്കെടുക്കാനായി സംഘം സ്കൂബ ഡൈവിങ്, ഭാരക്കുറവ് അനുഭവിക്കുക, റോക്കറ്റ് നിർമാണം, സിപ് ലൈനിങ് എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശീലനം നേടിയിരുന്നു. അത്യാഹിതങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനവും ലഭിക്കും. ബഹ്റൈനിലുടനീളമുള്ള സ്കൂളുകളിൽനിന്നുള്ള നിരവധി അപേക്ഷകരിൽനിന്നാണ് ടീമിനെ തിരഞ്ഞെടുത്തത്. കടുത്ത സെലക്ഷൻ മാനദണ്ഡങ്ങൾ വിജയിച്ചവരെയാണ് തിരഞ്ഞെടുത്തത്. ക്യാമ്പിൽ ഒന്നിലധികം ജോലികൾ ഏറ്റെടുക്കാനും വിജയിപ്പിക്കാനും ടീം അംഗങ്ങൾക്ക് കഴിവുണ്ട്. ബഹിരാകാശദൗത്യത്തിന് സമാനമായ പരിശീലനമാണ് കുട്ടികൾക്ക് ക്യാമ്പിൽ ലഭിക്കുക. സംഘത്തിലെ അംഗങ്ങൾക്ക് ബഹിരാകാശയാത്രികർക്ക് ലഭിക്കുന്നതുപോലെയുള്ള പ്രത്യേക ജാക്കറ്റുകളും സമ്മാനിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ടീമിനെ തിരഞ്ഞെടുത്തത്.
എൻഎസ്എസ്എ സിഇഒ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസീരി, എൻഎസ്എസ്എയിലെ സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രോജക്ട് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് മേധാവി അമാൽ അൽ ബിനാലി, ടീം സൂപ്പർവൈസർ എന്നിവരുമായിട്ടായിരുന്നു ടീമുമായുള്ള അവസാന ഏകോപന യോഗം.