തൃശൂർ: തൃശൂർ കുന്നംകുളം റൂട്ടിൽ കേച്ചേരി സെന്ററിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീ പിടുത്തം. മോഡേൺ ഫാബ്രിക്സ് എന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനയെത്തി രണ്ടര മണിക്കൂറിലധികം നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. വസ്ത്ര വ്യാപാര സ്ഥാപനത്തിലെ മുകളിലെത്തിയ നിലയിൽ കൂട്ടിയിട്ടിരുന്ന പഴകിയ വസ്തുക്കൾക്കാണ് തീപിടിച്ചത്.
കാർട്ടൂൺ ബോക്സ്, ഷീറ്റ് എന്നിവക്കാണ് ആദ്യം തീ പിടിച്ചത്. തുടർന്ന് നിമിഷങ്ങൾക്കകം വസ്ത്രങ്ങളിലേക്കുൾപ്പടെ തീ പടർന്നു പിടിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് സ്ഥാപനത്തിലെ ജീവനക്കാർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കുകൂട്ടല്‍. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം, ഗുരുവായൂര്‍ , തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നും 3 യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്.സംഭവത്തെ തുടർന്ന് തൃശ്ശൂർ കുന്നംകുളം റൂട്ടിൽ ഏറെ നേരം പൂർണമായും ഗതാഗതം തടസ്സപ്പെട്ടു.