ബംഗളൂരു: കോളേജ് വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തിയ യുവാവിനെ പൊതുസ്ഥലത്ത് ചെരിപ്പുകൊണ്ട് മർദ്ദിച്ചു. കർണാടകയിലെ ഉടുപ്പി ജില്ലയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഹോസ്റ്റലിൽ നിന്ന് കോളേജിലേയ്ക്ക് പോകുന്ന വഴി യുവാവ് വിദ്യാർത്ഥിനിയെ പിന്തുടരുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. ആദ്യം ഇയാളെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും പിന്തുടർന്ന് ഉപദ്രവിച്ചതോടെ പെൺകുട്ടി ബഹളം വച്ച് ആളെക്കൂട്ടി. പിന്നാലെ അവിടെയുണ്ടായിരുന്നവരെത്തി ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി.
തുടർന്ന് വിദ്യാർത്ഥിനി ചെരിപ്പൂരി യുവാവിന്റെ കരണത്തടിക്കുകയായിരുന്നു.ഇയാൾ തന്നെ പോകാൻ അനുവദിക്കാൻ അപേക്ഷിക്കുന്നതും പെൺകുട്ടി യുവാവിന്റെ മുഖത്തും തലയിലും തുടർച്ചയായി അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ പൊലീസിൽ ഏൽപ്പിച്ചു.