മനാമ: സദാചാരവും മൂല്യ ബോധവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതു തലമുറക്ക് സനാതന മൂല്യങ്ങളും ധാർമ്മിക ബോധവും പകർന്ന് നല്കാൻ ഓരോ രക്ഷിതാക്കൾക്കും സാധ്യമാകുമ്പോഴാണ് ഉത്തമ തലമുറ സൃഷ്ടി സാധ്യമാകൂ എന്ന് പ്രശസ്ത ഫാമിലി കൌൺ സിലറും മോട്ടിവേഷൻ സ്പീക്കറുമായ ഡൊ ജൌഹർ മുനവ്വിർ അഭിപ്രായപ്പെട്ടു.
കേട്ടറിവിനേക്കാളും കാഴ്ചയും പ്രായോഗികതയുമാണ് കുട്ടികളിൽ ഏറെ സ്വാധീനിക്കുന്നത് എന്നയാഥാർത്ഥ്യം രക്ഷിതാക്കൾ തിരിച്ചറിഞ്ഞ് മാതൃകാപരമായ ജീവിതത്തിലൂടെ സ്വന്തം മക്കളെ വളർത്തലാണ് നല്ല സമൂഹ സൃഷ്ടിക്ക് അനിവാര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെഎംസിസി ബഹ്റൈൻ സ്റ്റുഡന്റ്സ് വിംഗ് മനാമ കെ എം സി സി ഹാളിൽ സഘടിപ്പിച്ച പരിപാടിയിൽ കുടുംബം: രസവും രഹസ്യവും എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കളും മാറുന്ന ലോകവും, മക്കളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒരു നല്ല രക്ഷിതാവ് എങ്ങിനെ ആയിരിക്കണം എന്നിവ അദ്ദേഹത്തിന്റെ വിഷയാവതരണത്തിൽ പ്രതിപാദ്യമായി.
കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉത്ഘാടനം ചെയ്തു. ഡോ ജൗഹർ മുനവ്വിറിനുള്ള മൊമെന്റോ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ കൈമാറി. സ്റ്റുഡൻസ് വിംഗ് ചെയർമാനും ബഹ്റൈൻ കെഎംസിസി സംസ്ഥാന സിക്രട്ടറിയുമായ ഷാജഹാൻ പരപ്പൻ പോയിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ഏപി ഫൈസൽ ആശംസകൾ നേർന്നു. അലി അക്ബർ സ്വാഗതവും, സുഹൈൽ മേലടി നന്ദിയും പറഞ്ഞു.