ഡൽഹി: അപകടത്തിൽപെട്ട രണ്ട് ട്രെയിനുകളിലുമായി റിസർവ് ചെയ്തത് 2296 പേർ. കോറോമണ്ടൽ എക്സ്പ്രസിലുണ്ടായിരിന്നത് 1257 റിസർവ്ഡ് യാത്രക്കാരും യശ്വന്ത്പൂർ എക്സ്പ്രസിൽ 1039 റിസർവ്ഡ് യാത്രക്കാരും ഉണ്ടായിരുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ രണ്ട് ട്രെയിനുകളിലും ജനറൽ കോച്ചുകളിൽ എത്ര പേരുണ്ടായിരുന്നു എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.
ടിക്കറ്റെടുക്കാതെയും ആളുകൾ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യാറുണ്ട്. കോറോമണ്ടൽ എക്സ്പ്രസിൽ റിസർവ്ഡ് കോച്ചുകളിൽ ഉണ്ടായിരുന്ന യാത്രക്കാരിലേറെ പേർ ജനറൽ കോച്ചുകളിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.
അതേസമയം, രണ്ട് ട്രെയിനുകളിലുമായി 21 കോച്ചുകൾ പാളം തെറ്റിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ പതിനേഴ് കൊച്ചുകളെന്നായിരുന്നു പുറത്തുവന്ന വിവരം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, രക്ഷാപ്രവർത്തനം പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപകടത്തിൽ 280 പേര് പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. 900 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അപകടം നടന്ന സ്ഥലത്തെത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ആറ് സംഘങ്ങൾ കൂടി എത്തിയിട്ടുണ്ട്. സിഗ്നല്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.