വാഷിംഗ്ടൺ: പൊതുചടങ്ങിനിടെ വേദിയിൽ മറിഞ്ഞുവീണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കൊളറാഡോയിലുള്ള എയർ ഫോഴ്സ് അക്കാദമിയിൽ ബിരുദദാന ചടങ്ങിന് ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങവെ കാൽതട്ടിവീഴുകയായിരുന്നു. അദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.വ്യോമസേന അക്കാദമിയിൽ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു അമേരിക്കൻ പ്രസിഡന്റ്.
സുരക്ഷാസേന വേഗം അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിക്കുന്നതും വീഡിയോയിൽ കാണാം. എഴുന്നേറ്റ് മറ്റ് ഭാവവ്യത്യാസമൊന്നുമില്ലാതെ പിന്നീട് ഇരിപ്പിടത്തിലേക്ക് പോയി. വേദിയിലെ ചെറിയൊരു മണൽചാക്കിൽ കാൽ തട്ടിയതാണ് അപകടകാരണമെന്നാണ് വൈറ്റ്ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ബെൻ ലൈബോൾട്ട് ട്വീറ്റ് ചെയ്തത്. വീണിടത്ത് നിന്നും എഴുന്നേറ്റശേഷം ബൈഡൻ തമാശ പറയുകയും ചെയ്തു.
തിരികെ ഔദ്യോഗിക വാഹനങ്ങൾ എയർഫോഴ്സ് വൺ, മറൈൻ വൺ എന്നിവയിൽ ബൈഡൻ മടങ്ങി. ഈ സമയത്ത് ഹെലികോപ്റ്ററിന്റെ വാതിലിൽ തലയിടിക്കുകയും ചെയ്തു.അമേരിക്കയിൽ അധികാരത്തിലിരുന്ന ഏറ്റവും പ്രായമേറിയ പ്രസിഡന്റാണ് എൺപതുകാരനായ ബൈഡൻ. അതേസമയം ബൈഡൻ വളരെ ആരോഗ്യവാനാണെന്നാണ് അദ്ദേഹത്തിന്റെ പേഴ്സണൽ ഡോക്ടർ അഭിപ്രായപ്പെട്ടു.