ഭോപ്പാൽ: ബജ്റംഗ് ദളിന്റെ ജില്ലാ കോർഡിനേറ്റർ മയക്കുമരുന്ന് കടത്തിയ കേസിൽ അറസ്റ്റിൽ. പന്ന ജില്ലയിലെ ബജ്റംഗ് ദൾ കോ- കൺവീനർ സുന്ദരം തിവാരിയെന്നയാളാണ് പിടിയിലായത്. കഞ്ചാവ് കടത്തുന്നതിനിടെ ഇയാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (ആർ പി എഫ്) ക്രൈം ഇന്റലിജൻസ് ടീം പിടികൂടുകയായിരുന്നു. സുന്ദരത്തിനൊപ്പം മറ്റൊരാളും അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നായി 22 കിലോ കഞ്ചാവ് ആർ പി എഫ് കണ്ടെടുത്തു.
കഞ്ചാവ് കടത്തുകാർ സാദ്തനയിലേയ്ക്ക് ട്രെയിൻ മാർഗം വരികയാണെന്ന് ആർ പി എഫിന്റെ ക്രൈം ഇന്റലിജൻസ് ടീമിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സർനാഥ് എക്സ്പ്രസ് ട്രെയിനിൽ പരിശോധന നടത്തുന്നതിനിടെ അഞ്ച് യുവാക്കളെ സംശയാസ്പദമായ രീതിയിൽ കണ്ടെത്തി. ഇവരുടെ അരികിലേയ്ക്ക് പൊലീസ് സംഘം എത്തുന്നതിനിടെ അഞ്ചുപേരും ട്രെയിനിൽ നിന്ന് ഇറങ്ങിയോടി.പിന്നാലെ നടത്തിയ അന്വേഷണത്തിൽ രണ്ടുപേർ അറസ്റ്റിലാവുകയായിരുന്നു. മറ്റ് മൂന്നുപേർ രക്ഷപ്പെടുകയും ചെയ്തു.
കേസിലെ പ്രധാന പ്രതിയാണ് സുന്ദരം തിവാരി. ഇയാൾ ഏറെനാളുകളായി മയക്കുമരുന്ന് കടത്തിവരികയാണെന്ന് പൊലീസ് പറയുന്നു. രക്ഷപ്പെട്ട പ്രതികൾ ഉത്തർപ്രദേശിലെ ബനാറസ് സ്വദേശികളാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.