ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയ്ക്ക് അധികാരം കൈമാറിയതിന്റെ പ്രതീകമായ ചെങ്കോൽ പുതിയ പാർലമെന്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറിയതിനൊപ്പം തമിഴ്നാട്ടിലെ 19 അധീനത്തിൽ ( മഠം) നിന്നെത്തിയ സന്യാസികളും ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. സന്യാസിമാർക്ക് കേന്ദ്രം നൽകിയ പ്രത്യേക പരിഗണനകളാണ് വാർത്തകളിൽ നിറയുന്നത്.മഠാധിപർമാരെയും ഓഡുവർമാരെയും (തമിഴ് ഗായകർ) പ്രത്യേക വിമാനത്തിലായിരുന്നു ഡൽഹിയിലെത്തിച്ചത്. ഇവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കിയതിനുപുറമേ വരും ദിവസങ്ങളിൽ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. കൂടാതെ തമിഴ് അറിയാവുന്ന ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേരെ മഠാധിപരുടെയും സഹായികളുടെയും കാര്യങ്ങൾ നോക്കാൻ സാംസ്കാരിക വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.
സന്യാസിമാരെ എത്തിച്ച വിമാനത്തിലും ഇവർ താമസിച്ച മുൻനിര ഹോട്ടലിലും സാത്വിക ഭക്ഷണമായിരുന്നു വിളമ്പിയത്. ഉള്ളി, വെളുത്തുള്ളി, ചില മസാലകൾ ഉൾപ്പെടെയുള്ളവ ഒഴിവാക്കിയ ഭക്ഷണം കൃത്യമായ സമയങ്ങളിൽ ഇവർക്ക് വിളമ്പി. ഓരോ മഠങ്ങളിൽ നിന്നെത്തിയവരെ പ്രത്യേകം കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഭക്ഷണം തയ്യാറാക്കാൻ പ്രത്യേക പാചകക്കാരനെയും ചുമതലപ്പെടുത്തിയിരുന്നു. സന്യാസിമാർ മൂന്നുദിവസമായിരുന്നു ഡൽഹിയിൽ തങ്ങിയത്. ഇവരെ രാജ്യതലസ്ഥാനത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ കൊണ്ടുപോവുകയും ചെയ്തു.19 മഠാധിപരിൽ നിന്ന് ആറുപേരാണ് ഇന്നലെ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയ്ക്ക് ചെങ്കോൽ കൈമാറിയത്. 400 വർഷത്തെ ചരിത്രമുള്ള, ഇന്ത്യയിൽ വേരുകളുള്ള 19 മഠത്തിൽ ഉൾപ്പെടുന്ന ആറുമഠാധിപരാണ് ഇവർ. ഗണപതി ഹോമം നടത്തി തമിഴ് കീർത്തനങ്ങൾ ചൊല്ലിയായിരുന്നു ചെങ്കോൽ കൈമാറ്റ ചടങ്ങ് നടന്നത്.
പിന്നാക്ക, മുന്നാക്ക സമുദായങ്ങളിൽ നിന്നുള്ള മഠങ്ങളുടെ പ്രതിനിധികളെ ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ടിരുന്നു.നിരവധി മഠങ്ങൾ പിന്തുണ ലഭിക്കാതെ അപ്രത്യക്ഷമായി. ഇക്കാരണത്താലാണ് പ്രധാനമന്ത്രി മോദി തങ്ങളെ വിളിക്കുകയും ആദരിക്കുകയും ചെയ്തതെന്ന് ദർമപുരം മഠത്തിന്റെ വക്താവും മുതിർന്ന അഭിഭാഷകനുമായ എം കാർത്തികേയൻ പറഞ്ഞു. പുരാതനമായതും പ്രശസ്തവുമായ മഠങ്ങൾക്ക് മാത്രമല്ല മറ്റുള്ളവയ്ക്കും പ്രാധാന്യം നൽകണമെന്ന് കേന്ദ്രം തെളിയിക്കുകയാണ് ചെയ്തതെന്ന് മറ്റൊരു മഠത്തിന്റെ പ്രതിനിധി വ്യക്തമാക്കി. ഓരോ മഠം പ്രതിനിധികൾക്കും പ്രത്യേകം കാറുകളും വലിയ മുറികളും നൽകുക മാത്രമല്ല മഠാപധിമാർക്ക് ഏഴ് സഹായികളെവരെ എത്തിക്കാനുള്ള അനുമതിയും നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1947ൽ ഒരു മഠം മാത്രമാണ് അന്നത്തെ പ്രധാനമന്ത്രി നെഹ്റുവിന് ചെങ്കോൽ കൈമാറിയതെങ്കിൽ ഇന്ന് ആറുപേർക്ക് അതിനുള്ള അവസരം ലഭിച്ചു. ശൈവ പാരമ്പര്യങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾക്കുള്ള വലിയ അംഗീകാരമാണിതെന്ന് വേലാക്കുറിച്ചി മഠത്തിന്റെ മേധാവി വ്യക്തമാക്കി.