മനാമ: ജീവിതച്ചെലവ് അത്ര കൂടുതലല്ലാത്ത നഗരങ്ങളിലൊന്നാണ് മനാമയെന്ന് പുതിയ പഠനം. അടുത്ത കാലത്ത് നിത്യോപയോഗ സാധനങ്ങൾക്കടക്കം വില വർധിച്ചിട്ടുണ്ടെങ്കിലും ദുബൈ, ദോഹ അടക്കമുള്ള മിഡിലീസ്റ്റ് നഗരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ബഹ്റൈനിലെ ജീവിതച്ചെലവ് അത്ര കൂടുതലല്ലെന്ന് xpatulator.com നടത്തിയ പഠനം പറയുന്നു. പ്രവാസികളെ സംബന്ധിച്ചിടത്തോളം താരതമ്യേന മികച്ച ജീവിതം പുലർത്താവുന്ന രാജ്യമാണ് ബഹ്റൈനെന്നാണ് കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്. വിവിധ നിത്യോപയോഗ സാധനങ്ങളുടേയും അവശ്യ സേവനങ്ങളുടേയും വിലനിലവാരം കണക്കാക്കി ജീവിതനിലവാരവും ജീവിതച്ചെലവും സംബന്ധിച്ച് പഠനം നടത്തുന്ന ഏജൻസിയാണ് xpatulator.com.
അവശ്യ നിത്യോപയോഗ സാധനങ്ങളുടെ 13 ബാസ്കറ്റുകൾ കണക്കാക്കി അവയുടെ വിലയെ യു.എസ് ഡോളറുമായി താരതമ്യപ്പെടുത്തിയുണ്ടാക്കുന്ന ഇൻഡക്സിന്റെ അടിസ്ഥാനത്തിലാണ് വെബ്സൈറ്റ് ജീവിതച്ചെലവ് നിർണയിക്കുന്നത്. ഈ 13 ഗ്രൂപ് അവശ്യസാധന, സേവന വിലയനുസരിച്ച് മനാമയുടെ സൂചിക 71.23 ആണ്. എന്നാൽ, അബൂദബിയുടേത് 81.54 ആണ്. ദുബൈയുടേത് 80ഉം ന്യൂയോർക്കിന്റേത് 100ഉം ആണ്. റിയാദ്, കുവൈത്ത്, മസ്കത്ത് തുടങ്ങിയ മിഡിലീസ്റ്റ് നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജീവിതച്ചെലവ് സൂചിക ഉയർന്നാണ് നിൽക്കുന്നതെങ്കിലും പ്രവാസികളെ സംബന്ധിച്ചിടത്തോളം താരതമ്യേന ഭേദപ്പെട്ട നഗരമാണ് മനാമയെന്നാണ് പഠനത്തിൽനിന്ന് വ്യക്തമാകുന്നത്. അബൂദബിയിലും ദുബൈയിലുമുള്ളതിനേക്കാൾ വീട്ടുവാടക ബഹ്റൈനിൽ കുറവാണ്. അത് ഏതാണ്ട് പകുതിയേ വരൂ. ഭക്ഷണസാധനങ്ങൾക്കും മിഡിലീസ്റ്റിലെ മറ്റുനഗരങ്ങളെ അപേക്ഷിച്ചുനോക്കുമ്പോൾ ബഹ്റൈനിൽ വില കുറവാണ്. ഗതാഗതച്ചെലവും മനാമയിൽ കുറവാണ്.
ദുബൈയിലുള്ളതിനേക്കാൾ 15.2 ശതമാനമാണ് ട്രാൻസ്പോർട്ട് നിരക്കിൽ കുറവ് രേഖപ്പെടുത്തുന്നത്. വീട്ടുവാടക, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നിവക്കെല്ലാം ചെലവ് മനാമയിൽ കുറവാണെന്നും വെബ്സൈറ്റ് പറയുന്നു. ഇൻറർനെറ്റിന് പ്രതിമാസം ദുബൈയിൽ 36 ബഹ്റൈൻ ദീനാർ വരുമെങ്കിൽ ബഹ്റൈനിൽ ഇതിനു ചെലവാകുന്നത് 20 ദീനാറിൽ താഴെയാണ്. വിദ്യാഭ്യാസച്ചെലവ് ദുബൈയിൽ 7697 ദീനാറാണെങ്കിൽ ബഹ്റൈനിൽ ഇത് 6233 മാത്രമാണ്. ആരോഗ്യസേവനങ്ങൾക്ക് ദുബൈയിലെ നിരക്ക് 22 ദീനാറും ബഹ്റൈനിലേത് 19 ദീനാറുമാണ്. കായികവിനോദങ്ങൾക്ക് ദുബൈയിൽ 38 ദീനാറും ബഹ്റൈനിൽ 33 ദീനാറുമാണ്. സാമ്പിൾ സർവേയിലൂടെയാണ് നിരക്കുകൾ കണക്കാക്കുന്നത് എന്നതിനാൽ കൃത്യമായ കണക്കുകളായിരിക്കില്ല എന്ന പരിമിതിയുണ്ട്. എന്നാൽ, താരതമ്യാർഥത്തിൽ സർവേ മുഖവിലക്കെടുക്കാവുന്നതാണ്.