മനാമ: സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യൂ.എച്ച്.ഒ) 76ാമത് സെഷന്റെ ഉദ്ഘാടനച്ചടങ്ങിൽ ബഹ്റൈൻ ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ പങ്കെടുത്തു.
സ്ത്രീകൾ, കുട്ടികൾ, കൗമാരക്കാർ എന്നിവരുടെ ആരോഗ്യം, സമഗ്രമായ ആരോഗ്യ പരിരക്ഷ എന്നിവ സംബന്ധിച്ച് സമ്മേളനം ചർച്ചചെയ്തു. കോവിഡ് ഇനി ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന ലോകാരോഗ്യ സംഘടന പ്രഖ്യാപനത്തെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു. മഹാമാരിയെ നേരിടാൻ ലോകം ഒറ്റക്കെട്ടായി നടത്തിയ പരിശ്രമങ്ങൾ ശ്രദ്ധേയമാണ്.
ഇതിന് അന്താരാഷ്ട്രതലത്തിൽ നടത്തിയ ശ്രമങ്ങൾ പ്രശംസനീയമാണ്. പ്രതിരോധശേഷി കൈവരിക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനും കൂട്ടായ ശ്രമങ്ങൾ സഹായകരമായി. എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ലോകാരോഗ്യ സംഘടനയുടെ സംരംഭങ്ങളെ രാജ്യം പിന്തുണക്കും. എല്ലാ വിഭാഗങ്ങളും പ്രതിരോധ പദ്ധതികൾ ഏർപ്പെടുത്തുക, രോഗപ്രതിരോധ പരിപാടികൾ നടപ്പാക്കുക, വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നയപരിപാടികളിലൂന്നി രാജ്യത്തിന്റെ ആരോഗ്യനയം മുന്നോട്ടുകൊണ്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. മേയ് 31വരെയാണ് സമ്മേളനം.