മനാമ: ബഹറിനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറിൻ) പതിനേഴാമത് വാർഷികവും അവാർഡ് ദാന ചടങ്ങും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മെയ് മാസം ഇരുപത്തിയാറാം തീയതി ഉച്ചയ്ക്ക് 11.30 -ന് ബാൻ സാങ്ങ് തായി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ലോകപ്രശസ്ത സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ റവ ഫാദർ ഡേവിസ് ചിറമേൽ മുഖ്യ അതിഥിയായിരിക്കുമെന്ന് പാൻ പ്രസിഡൻറ് ശ്രീ. ഡെന്നിമഞ്ഞളി, സെക്രട്ടറി ശ്രീ. ഡോളി ജോർജ് എന്നിവർ അറിയിച്ചു.
പാൻ ബഹറിൻ വർഷംതോറും നൽകി വരാറുള്ള പാൻ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് ഈ വർഷം അങ്കമാലിയിൽ സാമൂഹിക ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായി നിൽക്കുന്ന, മൂക്കന്നൂർ സ്വദേശിയായ ശ്രീ. വി പി ജോർജിന് സമ്മാനിക്കുമെന്ന് പാൻ കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത്, വൈസ് പ്രസിഡണ്ട് റൈസൺ വർഗീസ് എന്നിവർ പ്രഖ്യാപിച്ചു. പാൻ ബഹറിൻ പുതുതായി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന വാർഷിക ഭവനദാന പദ്ധതി റവ ഫാദർ ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്യും.
ബഹറിനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ അംഗങ്ങളുടെ നിരവധിയായ കലാപരിപാടികളും രുചികരമായ ഭക്ഷണവും തയ്യാറാക്കിയിട്ടുണ്ട് എന്ന് സംഘാടകസമിതി കൺവീനർ ശ്രീ. പോളി പറമ്പി, ചാരിറ്റി കമ്മറ്റി കൺവീനർ ശ്രീ. ജോയ് വർഗീസ് എന്നിവർ അറിയിച്ചു. ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റൽ വിളിച്ച വാർത്താസമ്മേളനത്തിൽ പാൻ പ്രസിഡൻറ് ശ്രീ. ഡെന്നി മഞ്ഞളി, സെക്രട്ടറി ശ്രീ. ഡോളി ജോർജ് , കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത്, വൈസ് പ്രസിഡണ്ട് ശ്രീ. റൈസൺ വർഗീസ്, സംഘാടകസമിതി കൺവീനർ ശ്രീ. പോളി പറമ്പി എന്നിവർ സന്നിഹിതരായിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി 34523472 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.