തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യൂണിയന് തിരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടത്തിയത് എസ് എഫ് ഐ സംഘടനയിലെ സാമൂഹ്യ വിരുദ്ധന്മാരുടെ അഴിഞ്ഞാട്ടത്തിന്റെ ഭാഗമാണെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കോളേജ് യൂണിയന് തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐയ്ക്ക് മൃഗീയ ഭൂരിപക്ഷം കിട്ടിയ കോളേജുകളില്‍ ഇതുപോലെ ആള്‍മാറാട്ടം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹസന് ആവശ്യപ്പെട്ടു.
സംഭവത്തില്‍ ആദ്യം പുറത്താക്കേണ്ടത് കോളേജിലെ പ്രിന്സിപ്പലിനെയാണ്. ഏത് യൂണിയനില്‍പ്പെട്ട ആളായാലും പ്രിന്‍സിപ്പലിനെ ആ സ്ഥാനത്ത് നിന്ന് മാറ്റണം. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ നടന്നത് കോളേജ് യൂണിയന് തിരഞ്ഞെടുപ്പിലെ ആദ്യത്തെ സംഭവമാണ്. എസ് എഫ് ഐയ്ക്ക് അകത്ത് ക്രിമിനലുകളുടെ എണ്ണം കൂടിക്കൂടി വരികയാണെന്നും ഹസന് കുറ്റപ്പെടുത്തി. നട്ടെല്ല് ഇല്ലാത്ത പല കോളേജ് പ്രിന്‍സിപ്പല്‍മാരും എസ് എഫ് ഐയുടെ ഭീഷണിക്ക് വഴങ്ങുകയാണ്. അതിന്റെ തെളിവാണ് കണ്ടതെന്നും ഹസന് പറഞ്ഞു.എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ലഹരി മാഫിയയെ പൂര്‍ണമായും സംരക്ഷിക്കുന്നത് ഈ സര്‍ക്കാരാണ്. തലസ്ഥാനത്ത് തന്നെ നിരവധി എസ് എഫ് ഐ പ്രവര്‍ത്തകരുടെ പേരില്‍ ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നടക്കുകയാണെന്നും എം എം ഹസന് കൂട്ടിച്ചേര്‍ത്തു.
മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്കില്‍ 14.5 കോടിയുടെ ക്രമക്കേടാണ് ഉണ്ടായിട്ടുള്ളത്. പാര്‍ട്ടി സഖാക്കന്മാര്ക്ക് വായ്പ നല്‍കിയത് തിരിച്ചടക്കാത്തതാണ് കാരണം. സി പി എമ്മിന്റെ ഒരു ജില്ല കമ്മിറ്റി മെമ്പറാണ് ബാങ്കിന്റെ പ്രസിഡന്റ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നടക്കുന്ന അപഹരണത്തിലും ക്രമക്കേടിലും രക്തസാക്ഷികളാകുന്നത് സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്ന സാധാരണക്കാരാണ്. സഹകരണ മേഖലയെ സഖാക്കന്മാരുടെ കറവ പശു ആക്കിമാറ്റിയ സാഹചര്യമാണിപ്പോഴെന്നും ഹസന് പറഞ്ഞു.