മനാമ: ബി.കെ.എസ്.എഫും, ബി.എം.ബി.എഫും സംയുക്തമായി ഒരുക്കിയ ഹെൽപ് ആൻഡ് ഡ്രിങ്ക് 2020 എന്ന കർമ്മ പദ്ധതിക്ക് മനാമയിലെ ഫിനാൻഷ്യൽ ഹാർബർ തൊഴിലാളി സൈറ്റിൽ തുടക്കമായി. പരിപാടിയുടെ ഉത്ഘാടനം സാമൂഹ്യപ്രവർത്തകനും പ്രവാസി കമ്മീഷണറുമായ സുബൈർ കണ്ണൂരും മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ ബഷീർ അമ്പലായിയും സംയുക്തമായി നിർവഹിച്ചു.
ഈ വർഷത്തെ കഠിന ചൂടിൽ അർഹതപ്പെട്ട തൊഴിലാളികളുടെ ജോലിയിടങ്ങളിൽ കുടിവെള്ളം, പഴങ്ങൾ, മറ്റു ഭക്ഷണങ്ങൾ എന്നിവ ഒരുക്കിക്കൊടുത്തുകൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്. കോവിഡ് മഹാമാരിയുടെ പ്രത്യക സാഹചര്യത്തിൽ സാമൂഹിക അകലം കൃത്യമായി പാലിച്ച് കൊണ്ടാണ് ഭക്ഷണ വിതരണം നടന്നത്.
ചടങ്ങുകൾക്ക് ബി.കെ.എസ്.എഫിലേയും ബി.എം.ബി.എഫിലേയും അംഗങ്ങളായ ലെത്തീഫ് മരക്കാട്ട്, അൻവർ കണ്ണൂർ, കാസിം പാടത്തെകായിൽ, അജീഷ് കെവി, അൻവർ ശൂരനാട്, ജൈനൽ, നൗഷാദ് പൂനൂർ, മൊയ്തീൻ ഹാജി, സത്യൻ പേരാമ്പ്ര, മൺസൂർ, സലീം കണ്ണൂർ, നജീബ്, സലീം അമ്പലായി എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ 5 വർഷമായി ബഹ്റൈനിൽ ഈ കർമ്മ പദ്ധതി തുടരുന്നു. ആദ്യമായി പൊതു സമൂഹത്തിൽ നടപ്പിൽ വരുത്തി ജനകീയമാക്കിയത് ബി.എം.ബി.എഫ് എന്ന പ്രസ്ഥാനമാണ്.