താനൂർ: താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. ആറ് കുട്ടികളും മൂന്ന് സ്ത്രീകളും അടക്കമാണ് മരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എന്നിവര്‍ രാവിലെ ദുരന്ത സ്ഥലത്ത് എത്തും. ഒരാളെ കാണതായി എന്നാണ് പോലീസ് പറയുന്നത്, അപകടത്തിൽ പെട്ട 12 പേരെയാണ് രക്ഷപ്പെടുത്തിയത്. പത്ത് പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ ഏഴ് പേർ ഗുരുതര നിലയിലാണ്. രാവിലെ വെളിച്ചം വന്നതോടെ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്.
ഫയർ ഫോഴ്സും എൻ ഡി ആർ എഫും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. അഞ്ച് സംഘങ്ങളായി ചേർന്നാണ് തിരച്ചിൽ. നാവിക സേനയുടെ സംഘവും ഉടനെ എത്തുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. താനൂർ ബോട്ടപകടത്തിൽ ഏകോപിതമായുള്ള അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ അപകടം നടന്നത് മുതൽ നടന്നുവരികയാണ്.
താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുർറഹ്മാൻ എന്നിവരാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.