നിയമസഭാ തെരഞ്ഞെടുപ്പിന് 5 ദിവസം മാത്രം ശേഷിക്കെ കർണ്ണാടകത്തിൽ പോരാട്ടം ഇഞ്ചോടിഞ്ചെന്ന് ഏറ്റവും പുതിയ സർവ്വേ ഫലം. ബിജെപി 100 മുതൽ 114 സീറ്റും കോൺഗ്രസ് 86 – 98 വരെ സീറ്റും നേടുമെന്നാണ് പ്രവചനം. അതേസമയം കർണ്ണാടക പിടിക്കാൻ നാളെയും മറ്റന്നാളും പ്രധാനമന്ത്രിയും, സോണിയാഗാന്ധിയും സംസ്ഥാനത്ത് പ്രചാരണം നയിക്കും.
നേരത്തെ ഇറങ്ങിയ ആദ്യ മൂന്ന് സർവ്വേകളിലും കോൺഗ്രസിനായിരുന്നു മുൻതൂക്കമെങ്കിൽ, നിലവിൽ ബിജെപി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഒരു പാർട്ടിയും ഭൂരിപക്ഷം നേടില്ലെന്നും പോരാട്ടം ഇഞ്ചോടിഞ്ചെന്നുമാണ് ഒടുവിലത്തെ സർവ്വേയും ചൂണ്ടിക്കാട്ടുന്നത്. ബിജെപി 100 മുതൽ 114 സീറ്റും കോൺഗ്രസ് 86 – 98 വരെ സീറ്റും നേടുമെന്ന് ജൻ കി ബാത്ത് സർവ്വേ പ്രവചിക്കുന്നു. ജെഡിഎസ് ആകട്ടെ കഴിഞ്ഞ തവണത്തെ 37 സീറ്റിൽ നിന്നും 20 മുതൽ 26 സീറ്റുകളിലേക്ക് താഴുമെന്നും സർവ്വേ വ്യക്തമാക്കുന്നു. ഓൾഡ് മൈസൂരു, ബെംഗലുരു മേഖല, മധ്യ കർണാടക, ഹൈദരബാദ് കർണാടക എന്നിവിടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും കോസ്റ്റൽ കർണാടകയും മുംബൈ കർണാടകയും ബിജെപി പിടിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു.
അതേസമയം കർണ്ണാടക പിടിക്കാൻ താരപ്രചാരകരുടെ ഒഴുക്കാണ് സംസ്ഥാനത്തേക്ക്. നാളെയും മറ്റന്നാളും പ്രധാനമന്ത്രിയും, സോണിയാഗാന്ധിയും സംസ്ഥാനത്ത് പ്രചാരണം നയിക്കും. ബെംഗളുരുവിൽ 22 മണ്ഡലങ്ങളിലായി 78 കിലോമീറ്റർ പ്രധാനമന്ത്രി റോഡ്ഷോ നടത്തും.