ദുബൈ: ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ഓസ്ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം റാങ്കില്‍ തിരിച്ചെത്തിയത്. 15 മാസങ്ങള്‍ ഒന്നാം സ്ഥാനത്തു തുടര്‍ന്ന ശേഷമാണ് ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് എത്തുന്നത്. ഇംഗ്ലണ്ടാണ് മൂന്നാം റാങ്കില്‍. ദക്ഷിണാഫ്രിക്ക നാലാമതും ന്യൂസിലന്‍ഡ് അഞ്ചാം റാങ്കിലും നില്ക്കുന്നു.
പാകിസ്ഥാന്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്വെ ടീമുകളാണ് ശേഷിക്കുന്ന സ്ഥാനങ്ങളില്‍. ജൂണില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കെ ഒന്നാം സ്ഥാനം ഇന്ത്യക്ക് ആത്മവിശ്വാസം നല്കുന്ന ഘടകമാണ്. ജൂണ്‍ ഏഴ് മുതല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ടെസ്റ്റ് ഫൈനലിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. വാര്‍ഷിക റാങ്കിങ് നിര്‍ണയത്തിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 2020 മുതലുള്ള ടെസ്റ്റ് പരമ്പരകളിലെ പ്രകടനമാണ് റാങ്കിങ് കണക്കാക്കുന്നതില്‍ മാനദണ്ഡമാക്കിയത്.
റാങ്കിങിൽ വാർഷിക അപ്ഡേറ്റ് നടന്നതോടെയാണ് പാറ്റ് കമ്മിൻസിനെയും കൂട്ടരെയും പിന്നിലാക്കികൊണ്ട് ഹിറ്റ്മാനും കൂട്ടരും ഒന്നാം സ്ഥാനത്തെത്തിയത്. അപ്ഡേറ്റിന് മുൻപ് 122 പോയിൻ്റാണ് ഓസ്ട്രേലിയക്ക് ഉണ്ടായിരുന്നത്. ഇന്ത്യയ്ക്കാകട്ടെ 119 പോയിൻ്റും. എന്നാൽ പുതിയ അപ്ഡേറ്റിൽ 2020 മേയ് മാസത്തിന് മുൻപുള്ള പരമ്പരകളിലെ ഫലങ്ങൾ ഒഴിവാക്കിയതോടെയാണ് ഇന്ത്യ 121 പോയിൻ്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഓസ്ട്രേലിയയുടെർ പോയിൻ്റ് 116 ആയി കുറയുകയും ചെയ്തു. 114 പോയിൻ്റോടെ ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്തുള്ളത്. ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ഏകദിന റാങ്കിങിൽ മൂന്നാം സ്ഥാനത്താണ് ഉള്ളത്.